ശമ്പളവും പെൻഷനും 10 ശതമാനംവരെ കൂടാൻ സാധ്യത: പതിനൊന്നാം ശമ്പളക്കമ്മിഷൻ ജനുവരി 31-ന്

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനൊന്നാം ശമ്പളക്കമ്മിഷൻ ജനുവരി 31-ന് റിപ്പോർട്ട് സമർപ്പിക്കും. മുൻകാലങ്ങളെക്കാൾ കുറവായിരിക്കും ഇത്തവണ ശമ്പളവർധന. ശമ്പളവും പെൻഷനും 10 ശതമാനംവരെ കൂടാനാണു സാധ്യത. ഏപ്രിൽ മുതൽ പുതിയ ശമ്പളം നൽകിത്തുടങ്ങും. പെൻഷൻപ്രായ വർധനയും കമ്മിഷൻ ശുപാർശചെയ്തേക്കും.

ഈ മാസം 15-ന് അവതരിപ്പിക്കുന്ന ബജറ്റിൽ ഇതു പ്രഖ്യാപിക്കും. കുടിശ്ശികയുള്ള ഡിഎ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇതും ബജറ്റിൽ പ്രഖ്യാപിക്കും. കൊറോണ സാഹചര്യം കണക്കിലെടുത്ത് ശമ്പളപരിഷ്കരണം അടുത്തവർഷത്തേക്കു നീട്ടിവെക്കാനാണ് സർക്കാർ ആദ്യം ആലോചിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പിനിറങ്ങുമ്പോൾ ജീവനക്കാരുടെ പ്രതിഷേധം തിരിച്ചടിയാകുമെന്നതിനാലാണ് ഇപ്പോൾത്തന്നെ വർധന നടപ്പാക്കാൻ തീരുമാനിച്ചത്.

31-ന് ശമ്പളക്കമ്മിഷൻ റിപ്പോർട്ട് നൽകിയാലുടൻ മന്ത്രിസഭാ ഉപസമിതി രൂപവത്കരിച്ച് റിപ്പോർട്ട് അംഗീകരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് പെരുമാറ്റച്ചട്ടം വരുന്നതിനു മുമ്പ് ശമ്പളപരിഷ്കരണം ഉത്തരവാകും. മുൻ കേന്ദ്ര സെക്രട്ടറി കെ. മോഹൻദാസ് അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. 2019 ജൂലായ് ഒന്നുമുതൽ പ്രാബല്യത്തോടെയായിരിക്കും പരിഷ്കരണം.

പത്താം ശമ്പളക്കമ്മിഷൻ 13 ശതമാനത്തോളം വർധനയാണു വരുത്തിയത്. കുറഞ്ഞ ശമ്പളം 17,000 രൂപയും കൂടിയത് 1,20,000 രൂപയും ആക്കിയിരുന്നു. സാമ്പത്തികപ്രതിസന്ധിയും കൊറോണ കാല സാമ്പത്തിക അനിശ്ചതത്വവും പരിഗണിച്ച് ഇത്തവണ വർധനയുടെ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. പെൻഷൻ പ്രായം കൂട്ടാൻ കമ്മിഷൻ ശുപാർശചെയ്താലും സർക്കാർ അംഗീകരിക്കാൻ സാധ്യതയില്ല.

രണ്ടു ഗഡുക്കളായി ഏഴുശതമാനം ഡിഎയാണ് ഇനി കുടിശ്ശികയുള്ളത്. മൂന്നാംഗഡു കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും അതു മരവിപ്പിച്ചിട്ടുണ്ട്. ഈ ഗഡുവിന്റെ കാര്യത്തിൽ സംസ്ഥാനം തീരുമാനമെടുത്തിട്ടില്ല. ഡിഎ കുടിശ്ശിക ഘട്ടംഘട്ടമായി നൽകാനാണ് ഉത്തരവിറങ്ങുക.