തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ കള്ളവോട്ടു തടയാൻ ശ്രമിച്ചതിന് ഉദുമ എംഎൽഎ കെ. കുഞ്ഞിരാമനും സ്ഥാനാർഥിയും ഏജന്റുമാരും ഭീഷണിപ്പെടുത്തി എന്ന പ്രിസൈഡിങ് ഓഫിസറുടെ പരാതിയിൽ വിഡിയോ രേഖകൾ പരിശോധിച്ചേക്കും.
ജില്ലാ പൊലീസ് മേധാവി പ്രശ്നബാധിതമായി കണ്ടെത്തിയതിനാൽ കാസർകോട് പാക്കം ചെർക്കപ്പാറ ജിഎൽപി സ്കൂൾ ബൂത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചെലവിൽ വിഡിയോ ചിത്രീകരണം ഏർപ്പെടുത്തിയിരുന്നു. ഇവ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടറുടെ മേൽനോട്ടത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.
ചെർക്കപ്പാറ ജിഎൽഎപിഎസിലെ ബൂത്തിൽ പ്രിസൈഡിങ് ഓഫിസറായിരുന്ന ഡോ.കെ.എം. ശ്രീകുമാറിന്റെ പരാതി ലഭിച്ചതായി കമ്മിഷൻ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കലക്ടറോടും വരണാധികാരിയോടും റിപ്പോർട്ട് തേടി. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും ഭാവിനടപടികൾ.
വിഡിയോയിൽ ബൂത്തിന്റെ കവാടം മുതലുള്ള പുറംദൃശ്യങ്ങളാണ് ഉണ്ടാവുക. ഇതേസമയം, പ്രശ്നബാധിതമായി റിപ്പോർട്ട് ചെയ്തിരുന്ന മറ്റു 100 ബൂത്തുകളിൽ വെബ്കാസ്റ്റിങ് സംവിധാനമായിരുന്നതിനാൽ ഇവ കമ്മിഷൻ ആസ്ഥാനത്തിരുന്നു തന്നെ നേരിട്ടു പരിശോധിക്കാമെന്ന സൗകര്യമുണ്ട്.
പരാതിക്കാരനായ പ്രിസൈഡിങ് ഓഫിസറിൽ നിന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ പ്രത്യേകം റിപ്പോർട്ട് തേടുകയോ ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുകയോ ചെയ്യാനും ഇടയുണ്ട്.
നിയമപ്രകാരം ബൂത്തിന്റെ മുഖ്യചുമതല പ്രിസൈഡിങ് ഓഫിസർക്ക് ആയതിനാൽ അനിഷ്ടസംഭവങ്ങൾ പൊലീസിനെയും കമ്മിഷനെയും അറിയിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. പ്രിസൈഡിങ് ഓഫിസറുടെ നിർദേശപ്രകാരം മാത്രമേ പൊലീസിനു ബൂത്തിനകത്തു പ്രവേശിക്കാനാകൂ.