ഈരാറ്റുപേട്ട: യുഡിഎഫിലേക്ക് ചേരാനുള്ള പിസിജോർജ് എംഎൽഎയുടെ ശ്രമത്തിനെതിരേ പൂഞ്ഞാറിലെ ലീഗ്, കോൺഗ്രസ്, പ്രാദേശിക നേതൃത്വങ്ങൾ ഭീഷണിയുമായി രംഗത്ത് എത്തിയതോടെ ഇവരെ അനുരഞ്ജിപ്പിക്കാൻ ശ്രമം തുടങ്ങി. വിഷയം ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് സംസ്ഥാന നേതാക്കൾ ഇന്ന് കോട്ടയത്ത് എത്തും. സംസ്ഥാന സെക്രട്ടറിമാരായ പിഎംഎ സലാമും ടിഎം സലീമുമാണ് ഇന്ന് കോട്ടയത്തെത്തുന്നത്.
പിസി ജോർജിനെ യുഡിഎഫിൽ എടുത്താൽ ഈരാറ്റുപേട്ടയിലെ കോണ്‍ഗ്രസിൻ്റെ മുഴുവന്‍ ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും സ്ഥാനം രാജിവെക്കുമെന്ന് കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് വൈസ് പ്രസിഡൻറ് നിസാർ കുർബാനി ഭീഷണി മുഴക്കിയിട്ടുണ്ട്.
”ജോര്‍ജിനെ എടുത്താല്‍ പൂഞ്ഞാർ മാത്രമല്ല, കാഞ്ഞിരപ്പള്ളി, പാലാ ഉള്‍പ്പെടെ മണ്ഡലങ്ങളും നഷ്ടപ്പെടും. എതിര്‍പ്പ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല” -കുര്‍ബാനി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് താല്പര്യമെന്ന് ജോര്‍ജ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കോണ്‍ഗ്രസ് നേതാക്കള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നേരത്തേയും പൂഞ്ഞാറിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികൾ ജോര്‍ജ് വരുന്നതിനെ എതിർത്തിരുന്നു. ചർച്ചക്കുവന്ന ജോസഫ് വാഴയ്ക്കനെ പൂഞ്ഞാറിൽ തടഞ്ഞിരുന്നു. ജോർജ് വരുന്നതിനെതിരെ ഈരാറ്റുപേട്ടയിലെ ലീഗ് നേതാക്കൾ സംസ്ഥാന നേതാക്കളെ കണ്ടിരുന്നു.