പത്തനംതിട്ട: ഡബിൾ ഡക്കർ ബസുകൾ വിവാഹാവശ്യത്തിന് വാടകയ്ക്ക് നൽകിയതിന്റെ ചുവടുപിടിച്ച് പുനരുജ്ജീവന പാതയിൽ കെഎസ്ആർടിസി. ലാഭം നേടാനായി ബസുകളിൽ ചിലത് ചരക്കുവാഹനമായും, മീൻവണ്ടിയായും, ഫുഡ് ട്രക്കായും മാറ്റും. ഇതിനായി ചില വാഹനങ്ങൾ രൂപമാറ്റം വരുത്തിത്തുടങ്ങി.
തുടക്കത്തിൽ സപ്ലൈകോ ഡിപ്പോകളിൽനിന്ന് മാവേലി സ്റ്റോറുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന ചരക്കുവാഹനമായി ഇവ ഉപയോഗിക്കും. ആദ്യം, പ്രധാന ഡിപ്പോകളിലെ ലോജിസ്റ്റിക് വാഹനങ്ങളെ (മൊബൈൽ വർക്ക്ഷോപ്പ്) ചരക്കുവാഹനമായി മാറ്റും. 1.25 ലക്ഷം രൂപയാണ് പ്രതിമാസ വാടകയായി ഈടാക്കുക. പദ്ധതി വിജയിച്ചാൽ സ്വകാര്യ ആവശ്യങ്ങൾക്കും ഓടും.
ഇതോടൊപ്പം, മീൻവണ്ടിയായും ഫുഡ് ട്രക്കായും കെഎസ്ആർടിസി വൈകാതെ നിരത്തിലെത്തും. മത്സ്യഫെഡ്, മിൽമ എന്നിവയുമായി സഹകരിച്ചാണ് ബസുകളിൽ മത്സ്യത്തട്ടും, മിൽമയുടെ ഫുഡ് കഫേയും ക്രമീകരിക്കുന്നത്. മത്സ്യത്തട്ടുളള വാഹനങ്ങളിൽ ജോലിക്കാർക്ക് താമസസൗകര്യവും ഒരുക്കും. ഇവയ്ക്കായി, കാലപ്പഴക്കും ചെന്ന ബസുകൾ ഉപയോഗിക്കും. ജിഎസ്ടി ഉൾപ്പെടെയുള്ള വാടക ഈടാക്കും.
മിൽമ കെഎസ്ആർടിസി ബസിൽ ഫുഡ് കഫേ വൈകാതെ തുടങ്ങും. ആദ്യം, പത്തനംതിട്ടയിലെ മിൽമയുടെ നിയന്ത്രണത്തിൽ, പുനലൂർ കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നിൽ വാഹനം പാർക്ക് ചെയ്ത് കഫേ പ്രവർത്തിക്കും. മിൽമയുടെ 43 ഉത്പന്നങ്ങൾ ഇതിൽ ലഭ്യമാക്കും.
ഒരേസമയം എട്ടുപേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനും സംവിധാനം ഒരുക്കും. ബസിന്റെ ഒരു വാതിലിൽക്കൂടി കയറി അടുത്ത വാതിലിലൂടെ ഇറങ്ങാവുന്ന തരത്തിലാകും ഇത് സജ്ജമാക്കുന്നതെന്ന് മിൽമ ജില്ലാ അസി.മാനേജർ (മാർക്കറ്റിങ്) ജയാ രാഘവൻ പറഞ്ഞു. ജില്ലയിൽ മത്സ്യഫെഡ് അടക്കമുളള സർക്കാർ ഏജൻസികൾ ആവശ്യമറിയിക്കുന്ന മുറയ്ക്ക് കെഎസ്ആർടിസി ബസുകൾ വിട്ടുനൽകുമെന്ന് പത്തനംതിട്ട ഡിടിഒ റോയി ജേക്കബ് പറഞ്ഞു.