ലവ്​ ജിഹാദിന്​ നിർബന്ധിച്ചു; 26കാരി ജീവനൊടുക്കി; യുവാവ് അറസ്റ്റിൽ

ഭോപാൽ: ലവ്​ ജിഹാദിന്​ നിർബന്ധിച്ചതിനെ തുടർന്ന്​ 26കാരി ആത്മഹത്യ ചെയ്​തതായി പരാതി. ഭോപാലിൽ വെള്ളിയാഴ്​ചയാണ്​ സംഭവം. ഭോപാൽ ടി ടി നഗർ ഏരിയയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം.

മൃതദേഹത്തിന്​ സമീപത്തുനിന്ന്​ ആത്മഹത്യക്കുറിപ്പും കണ്ടെത്തി. ആദിൽ ഖാൻ എന്ന വ്യക്തിയാണ്​ തൻ്റെ മരണത്തിന്​ ഉത്തരവാദിയെന്ന്​ ആത്മഹത്യക്കുറിപ്പിലുണ്ട്​. തുടർന്ന്​ പെൺകുട്ടിയുടെ കുടുംബം ആദിൽ ഖാനെതിരേ പൊലീസിൽ പരാതി നൽകി. ആദിലിനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു​.

ആദിൽ പെൺകുട്ടിയുടെ പേര്​ മാറാൻ നിർബന്ധിച്ചതായി ബന്ധുക്കൾ പറഞ്ഞു. ആദിൽ ബബ്​ലൂ എന്നാണ്​ പേരെന്ന്​​ പെൺകുട്ടിയോട്​ പറഞ്ഞിരുന്നതെന്നും ഇഷ്​ടം നടിക്കുകയായിരുന്നുവെന്നും പെൺകുട്ടിയുടെ പിതാവ്​ പറഞ്ഞു.

‘സത്യം അറിഞ്ഞതോടെ പെൺകുട്ടി അവനിൽനിന്ന്​ അകലം പാലിക്കാൻ തുടങ്ങി, ഇതോടെ ആദിൽ ശാരീരികമായും മാനസികമായും ചൂഷണം ചെയ്യുകയായിരുന്നു’ -പെൺകുട്ടിയുടെ പിതാവ്​ ആരോപിച്ചു. ആദിൽ ഉപദ്രവിച്ചതിനെ തുടർന്നാണ്​ പെൺകുട്ടി ആത്മഹത്യ ചെയ്​തതെന്നും കുടുംബം പറഞ്ഞു.

മധ്യപ്രദേശിലെ ലവ്​ ജിഹാദ്​ വിരുദ്ധ നിയമപ്രകാരം ആദിലിനെ അറസ്റ്റ്​ ചെയ്യണമെന്നാണ്​ കുടുംബത്തിന്‍റെ ആവശ്യം. അതേസമയം കുടുംബത്തിന്‍റെ ആരോപണത്തി​ൽ പൊലീസ്​ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.