ചാണക സോപ്പ് ശീലമാക്കൂ; ഗോമൂത്രവും ചാണകവും ചേർത്ത പഞ്ചഗവ്യം കഴിച്ചാൽ ശരീരത്തിലെ വിഷാംശം ഇല്ലാതാകും; വിചിത്ര വാദവുമായി
കർണാടകമന്ത്രി പ്രഭു ചൗഹാൻ
ബംഗളൂരു: ഗോമൂത്രം, ചാണകം, പാൽ, തൈര്, നെയ്യ് എന്നിവ ചേർത്ത പഞ്ചഗവ്യം സ്ഥിരമായി ഉപയോഗിക്കുന്നതു ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുമെന്ന്
കർണാടക മന്ത്രി പ്രഭു ചൗഹാൻ്റെ അവകാശവാദം. പശു സംരക്ഷണത്തിന്റെ ഭാഗമായി ഗോമൂത്രവും ചാണകവും ഉപയോഗിച്ച നിർമിച്ച ഉത്പന്നങ്ങൾ ഉപയോഗിക്കാൻ ജനങ്ങൾ ശീലിക്കണമെന്നാണ് മന്ത്രി പ്രഭു ചൗഹാൻ്റെ നിർദ്ദേശം.
ഗോമൂത്രം, ചാണകത്തിരികൾ, നെയ്യ്, പഞ്ചഗവ്യ മരുന്നുകൾ, ചാണകസോപ്പ്, ഷാമ്പു എന്നിവ വിപണിയിൽ ലഭ്യമാണെന്നും ഇവ ജനങ്ങൾ കൂടുതലായി ഉപയോഗിക്കണമെന്നുമാണു മന്ത്രിയുടെ ആവശ്യം.
പശുവിൽനിന്നും പാല്, തൈര്, വെണ്ണ, നെയ്യ് തുടങ്ങിയവ മാത്രമല്ല, ഗോമൂത്രത്തിൽനിന്നും ചാണകത്തിൽനിന്നും സോപ്പ്, പഞ്ചഗവ്യ മരുന്നുകൾ, കീടനാശിനികൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ നിർമിച്ച് ഉപയോഗിക്കാവുന്നതാണെന്നും ഇതു ഗോപരിപാലനത്തിനു സഹായകമാകുമെന്നും മന്ത്രി പറയുന്നു.
സംസ്ഥാനത്തു ഗോവധ നിരോധനകന്നുകാലി സംരക്ഷണ നിയമം ഓർഡിനൻസിലൂടെ പ്രാബല്യത്തിൽ വന്നതിനു പിന്നാലെയാണു വകുപ്പ് മന്ത്രി വിചിത്രമായ കണ്ടുപിടിത്തവുമായി രംഗത്തുവരുന്നത്. പശുക്കളെ കശാപ്പ് ചെയ്താൽ മൂന്ന് വർഷം മുതൽ ഏഴു വർഷ വരെ തടവു ശിക്ഷയും 10 ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാവുന്ന തരത്തിലാണു നിയമനിർമാണം.