കെവിൻ കേസ് പ്രതിക്ക് മർദ്ദനമേറ്റ സംഭവം; മൂന്ന് പ്രിസൺ ഓഫീസർമാരെ അന്വേഷണവിധേയമായി സ്ഥലംമാറ്റി

തിരുവനന്തപുരം: കെവിൻ കേസ് പ്രതിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. പൂജപ്പുര സെൻട്രൽ ജയിലിലെ മൂന്ന് പ്രിസൺ ഓഫീസർമാരെ അന്വേഷണവിധേയമായി സ്ഥലംമാറ്റി. പ്രിസൺ ഓഫീസർമാരായ ബിജുകുമാർ, സനൽ എന്നിവരെ നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്കും പ്രിസൺ ഓഫീസറായ ബിജു കുമാറിനെ നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിലേക്കുമാണ് മാറ്റിയത്.

കെവിൻ വധക്കേസിലെ ഒൻപതാം പ്രതിയായ ടിറ്റു ജെറോം പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപരന്ത്യം തടവുശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് സംഭവം. മകനെക്കുറിച്ച് വിവരമില്ലെന്നും ജയിലധികൃതർ മർദിച്ചതായി സംശയമുണ്ടെന്നും പിതാവ് ജെറോമിൻ്റെ ഹർജി ഹൈക്കോടതിയിലുണ്ടായിരുന്നു.

പരാതി അടിയന്തരമായി പരിഗണിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രൻ ജയിലിലെത്തി പരിശോധന നടത്താൻ തിരുവനന്തപുരം ജില്ലാ ജ‍‍ഡ്ജിയോട് നി‍ർദേശിച്ചു. ഡിഎംഒയോടും ജയിൽ ഐജിയോടും തൽസ്ഥിതി അറിയാനും ആവശ്യപ്പെട്ടു.

മൂവരും നടത്തിയ പരിശോധനയിലാണ് ടിറ്റു ജെറോമിന് മർദനമേറ്റെന്നും ആന്തരിക പരിക്കുണ്ടെന്നും പ്രാഥമിക പരിശോധനയിൽ ബോധ്യമായത്. ജില്ലാ ജഡ്ജിയുടെ നിർദേശ പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഉടനടി ടിറ്റു ജെറോമിനെ മാറ്റി. ഇക്കാര്യം ജില്ലാ ജഡ്ജി തൊട്ടുപിന്നാലെ ഹൈക്കോടതിയെ അറിയിച്ചു.