തിരുവനന്തപുരം: രാജ്യത്ത് ജനുവരി 16 മുതൽ കൊറോണ വാക്സിൻ വിതരണം ആരംഭിക്കുമ്പോൾ കേരളത്തിൽ 133 കേന്ദ്രങ്ങളിലാണ് കൊറോണ വാക്സിൻ വിതരണം നടക്കുക. തിരുവനന്തപുരത്തും കോഴിക്കോട്ടും 11 വീതവും എറണാകുളത്ത് 12ഉം വാക്സിൻ വിതരണ കേന്ദ്രങ്ങളുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒമ്പത് വാക്സിനേഷൻ കേന്ദ്രങ്ങളാണ് ഉണ്ടാവുക.
ഡ്രൈ റൺ വിജയകരമായി പൂർത്തിയാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം. ഒരു കേന്ദ്രത്തിൽനിന്ന് ഒരു ദിവസം 100 പേർക്ക് വാക്സിൻ നൽകുമെന്നാണ് ലഭ്യമായ വിവരം. അങ്ങനെയെങ്കിൽ 133 കേന്ദ്രങ്ങളിൽ പ്രതിദിനം 13300 പേർക്ക് ഒരുദിവസം വാക്സിൻ നൽകാനാകും.
ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യം വാക്സിൻ നൽകുക. സംസ്ഥാനത്ത് മൂന്നരലക്ഷത്തിലധികം ആരോഗ്യപ്രവർത്തകർ ഇതിനോടകം തന്നെ വാക്സിനേഷന് രജിസ്റ്റർ ചെയ്തിട്ടുണ്ട്.