കൊച്ചി: പോലീസിനെ സൂത്രത്തിൽ കബളിപ്പിച്ച മോഷ്ടാവിനെ പോലീസ് പൊക്കി. വീട് കുത്തിപ്പൊളിച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്ന 18 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചതിന് പിന്നാലെ പിടി വീണു. പച്ചാളം കാട്ടുങ്ങല്‍ അമ്പലത്തിനടുത്തുള്ള വീട് കുത്തിത്തുറന്ന് 18 പവന് മോഷ്ടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ വടുതല സ്വദേശി ജോജോയെ (അബ്ദുള്‍ മനാഫ് 36) ആണ് എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടിയത്.
കറുകപ്പള്ളി ജംഗ്ഷനിലുള്ള ഒരു ജ്വല്ലറിയില്‍ മോഷ്ടിച്ച സ്വര്‍ണം വില്ക്കാന് ശ്രമിച്ചതോടെയാണ് ഇയാൾ കുടുങ്ങിയത്. കഴിഞ്ഞ മാസം രണ്ടിന് രാവിലെ 11 ഓടെയാണ് വീട്ടില്‍ മോഷണം നടന്നത്. എന്നാല്‍ താന്‍ മോഷ്ടിച്ച സ്വര്‍ണമല്ല ഇതെന്നും തന്റെ ഓട്ടോയില്‍ കയറിയ ഹിന്ദിക്കാരായ മൂന്നു പേര് മോഷ്ടിച്ചിട്ട് ഓട്ടോയില്‍ വച്ചു കടന്നുകളഞ്ഞതാണെന്നുമാണ് ഇയാള്‍ പോലീസിനോട് ആദ്യം പറഞ്ഞത്.
അവര്‍ വച്ച സ്വര്‍ണമാണ് തനിക്ക് കിട്ടിയതെന്നും തന്നെ അനാവശ്യമായി കേസില്‍ കുടുക്കിയാല്‍ മനുഷ്യാവകാശ കമ്മീഷനുള്‍പ്പെടെ പരാതി കൊടുക്കുമെന്നും പോലീസിന്റെ പണി കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പോലീസ് പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വച്ച് നടത്തിയ അന്വേഷണത്തില്‍ മോഷണം നടക്കുന്ന സമയത്ത് ഇയാള്‍ പരാതിക്കാരന്റെ ഈ വീടിനകത്തായിരുന്നുവെന്ന് വ്യക്തമായി.
ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ഇയാള്‍ വ്യക്തമായ മറുപടി നല്‍കിയില്ല. മാത്രമല്ല സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രാവിലെ 11 ഓടെ കാട്ടുങ്കല്‍ അമ്പലത്തിന് സമീപത്ത് കൂടെ ഓട്ടോ പോകുന്നതും ഉച്ചക്ക് ഒന്നോടെ തിരികെപോകുന്നതും കണ്ടെത്തി. ഇതേപ്പറ്റി ചോദിച്ചപ്പോഴും ഇയാള്‍ക്ക് മറുപടിയുണ്ടായില്ല.
ഓട്ടോ തൊഴിലാളിയായതിനാല്‍ പ്രതി ആദ്യം നല്കിയ മൊഴി പോലീസിന് തള്ളിക്കളയാനുമായില്ല. പോലീസ് പിന്നീട് ഹിന്ദിക്കാര് ഓട്ടോയില്‍ കയറിയ കീര്‍ത്തി നഗറിലെത്തി പ്രതി പറഞ്ഞ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
പ്രതി പറഞ്ഞതു പോലെ രണ്ടിന് രാവിലെ 11 ഓടെ ഇവിടെ ഓട്ടോ എത്തിയതായോ ഹിന്ദിക്കാര് കയറിയതായോ ആയ ദൃശങ്ങളും ലഭിച്ചില്ല. ഇത് വീണ്ടും സംശയം വര്‍ധിപ്പിച്ചു. വീണ്ടും പ്രതി ഹിന്ദിക്കാരെ ഇറക്കിയ കലൂര്‍ മെട്രോ സ്റ്റേഷന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴും ഇയാള്‍ ഇവിടെയും വന്നിട്ടില്ലെന്ന് മനസിലായി.
തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലില്‍ മറ്റുമാര്‍ഗമില്ലാതെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മോഷണം നടന്ന വീടിന് സമീപത്തെ വര്‍ക്ക്ഷോപ്പില്‍ വരുമ്പോള്‍ ഈ വീടിന് മുമ്പില്‍ നിന്ന് ഇയാള്‍ സ്ഥിരമായി കഞ്ചാവ് വലിക്കാറുണ്ടായിരുന്നു. ഇങ്ങിനെ നില്ക്കാറുള്ള സമയത്താണ് വീടിനകത്ത് സ്വര്‍ണമുണ്ടെന്ന വിവരം പ്രതിക്ക് ലഭിച്ചത്.
സംഭവ ദിവസം ഉച്ചയ്ക്ക് ഇയാള്‍ വടുതലയിലുള്ള സ്വന്തം വീട്ടിലേക്ക് പോകുന്ന സമയത്ത് ഈ വീടിന്റെ മുമ്പിലൂടെ കടന്നു പോകുമ്പോള്‍ പൂട്ടിക്കിടക്കുന്നതായി കണ്ടു. ഓട്ടോ മാറ്റിയിട്ട് തിരികെയെത്തിയ ഇയാള്‍ വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു.