വേട്ടക്കാരെ നേരിടാൻ ഫോറസ്റ്റ് ഗാർഡുമാര്‍ക്ക് ആയുധങ്ങളും ഉപകരണങ്ങളും നല്‍കണം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡെൽഹി: സംഘടിതവും ശക്തരുമായ മൃഗവേട്ടക്കാരെ നേരിടാൻ രാജ്യത്തെ ഫോറസ്റ്റ് ഗാർഡുകൾക്ക് ആയുധങ്ങളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും നൽകണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ അസം സർക്കാരിന്റെ മാതൃക മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഫോറസ്റ്റ് ഗാർഡുമാർക്ക് ഉറപ്പാക്കേണ്ട സുരക്ഷ സംബന്ധിച്ച് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത, അമിക്കസ് ക്യുറി ശ്യാം ദിവാൻ, സംസ്ഥാന സർക്കാരുകൾ എന്നിവരോട് സംയുക്ത നിർദേശം സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

കാട്ടിൽ ജോലി ചെയ്യുന്ന ഫോറസ്റ്റ് ഗാർഡും, സിറ്റിയിൽ ജോലി ചെയ്യുന്ന പോലീസ് ഗാർഡും തമ്മിൽ ജോലിയുടെ കാര്യത്തിൽ വലിയ വ്യത്യാസമുണ്ട്. സിറ്റിയിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന് ഒരു ആവശ്യം വന്നാൽ പലരുടെയും സഹായം തേടാൻ കഴിയും. എന്നാൽ കാട്ടിലെ ഫോറസ്റ്റ് ഗാർഡിന് ആ സൗകര്യം ഇല്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ചൈനീസ് അനധികൃത വന്യജീവി കച്ചവടക്കാർക്കായി മൃഗവേട്ടക്കാർ ശേഖരിച്ച ഈനാമ്പേച്ചിയുടെ തൊലി ഫോറസ്റ്റ് ഗാർഡുകൾ പിടിച്ചെടുത്ത കഥ ചീഫ് ജസ്റ്റിസ് കോടതിയിൽ വിവരിച്ചു. അന്തരാഷ്ട്ര സംഘങ്ങൾക്ക് പോലും മൃഗവേട്ടകളിൽ പങ്കുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതിനാൽ കോടി കണക്കിന് ഡോളറുകളിൽ നടക്കുന്ന ഈ അനധികൃത വ്യവസായം തടയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ പ്രത്യേക സെൽ ആരംഭിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

രാജ്യത്തെ കാടുകളും മൃഗങ്ങളും സംരക്ഷിക്കുന്നതിന് അക്ഷീണം പ്രവർത്തിക്കുന്ന ഫോറസ്റ്റ് ഗാർഡുകൾകൾക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെ ആണ് ചീഫ് ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ച് സുപ്രധാനമായ നിരീക്ഷണം നടത്തിയത്.