ബെയ്ജിങ്: ചൈനീസ് കൊറോണ വാക്സിനായ സിനോഫാമാണ് ലോകത്തെ ഏറ്റവും സുരക്ഷിതമല്ലാത്ത കൊറോണ വാക്സിനെന്ന് ചൈനീസ് വാക്സിൻ വിദഗ്ധൻ ഡോ.തായോ ലിന. വാക്സിന് 73 പാർശ്വഫലങ്ങളുളളതായും അദ്ദേഹം പറഞ്ഞു. ചൈനീസ് സാമൂഹിക മാധ്യമമായ വെയ്ബോയിലൂടെയായിരുന്നു ഡോ. തായോ ലിനയുടെ അഭിപ്രായപ്രകടനം.
എന്നാൽ ഡോക്ടറുടെ വിമർശനം വിദേശമാധ്യമങ്ങൾ ഉൾപ്പടെ റിപ്പോർട്ട് ചെയ്തതോടെ തന്റെ വാക്കുകൾ വിദേശ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നെന്ന് വിശദീകരിച്ച് ഡോക്ടർ രംഗത്തെത്തി.
ലോകത്ത് ഒരു വാക്സിനും സിനോഫാമിന്റെ അത്ര പാർശ്വഫലങ്ങളില്ലെന്നായിരുന്നു ഡോക്ടർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടത്. കുത്തിവെയ്പ്പെടുത്ത ഭാഗത്തിന് ചുറ്റും വേദന, കാഴ്ചക്കുറവ്, രുചിയില്ലായ്മ എന്നിവ അനുഭവപ്പെട്ടേക്കാം, മൂത്രാശയസംബന്ധമായ അസ്വസ്ഥതകൾ തുടങ്ങിയവയാണ് പാർശ്വഫലങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ഡിസംബർ 31-നാണ് ചൈന സിനോഫാം വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കി തുടങ്ങിയത്. എന്നാൽ വാക്സിന്റെ കാര്യക്ഷമതയെ കുറിച്ചുളള ഡേറ്റകളൊന്നും വാക്സിൻ വികസിപ്പിച്ചവർ പരസ്യമാക്കിയിട്ടില്ല. വാകിസൻ 79.34 ശതമാനം സുരക്ഷിതമാണെന്നാണ് നിർമാതാക്കളുടെ വാദം. ഫെബ്രുവരിക്കുളളിൽ മുൻഗണനാടിസ്ഥാനത്തിൽ 50 ദശലക്ഷം ആളുകൾക്ക് വാക്സിൻ നൽകുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു.
ഇതിനിടയിലാണ് വാക്സിൻ സുരക്ഷിതമല്ലെന്ന വിമർശനവുമായി ഡോക്ടർ രംഗത്തെത്തിയത്. സംഗതി വിവാദമായതോടെ താൻ ആക്ഷേപഹാസ്യമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുകയായിരുന്നുവെന്നും ചൈനയുടെ ചികിത്സാരീതികൾ വളരെയധികം സുരക്ഷിതമാണെന്നും ഡോക്ടർ വിശദീകരിച്ചു. ഔചിത്യമില്ലാതെ വാക്കുകൾ പ്രയോഗിച്ചതിന് ജനങ്ങളോട് മാപ്പുചോദിക്കുകയും ചെയ്തു.