തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നു പുലർച്ചെ ബോംബ് വയ്ക്കുമെന്ന് വ്യാജ ഭീഷണി സന്ദേശം. കഴിഞ്ഞ രാത്രിയാണ് ക്ഷേത്രത്തിലെ ഫോണിൽ ഭീഷണി വന്നത്. ഫോൺ അറ്റൻഡ് ചെയ്ത ക്ഷേത്രത്തിലെ വാച്ചമാനാണ് സന്ദേശം ലഭിച്ചത്.
ഇന്നുപുലർച്ചെ 5.30ന് ബോംബ് വയ്ക്കുമെന്നും അറിയിക്കേണ്ടവരെ അറിയിച്ചോളാൻ പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയുമായിരുന്നു. ഉടനെ ഗുരുവായൂർ ടെന്പിൾ പോലീസിലും ദേവസ്വം അധികൃതരെയും അറിയിക്കുകയും പോലീസും ഉദ്യോഗസ്ഥരും പരിശോധന നടത്തുകയും ചെയ്തു.
ഫോണിന്റെ ഉറവിടം കണ്ടെത്താൻ സിഐ സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വനിതാ മാവോയിസ്റ്റ് ഗുരുവായൂരിൽ എത്തിയിട്ടുണ്ടെന്ന സന്ദേശം വ്യാഴാഴ്ച വൈകിട്ട് ലഭിച്ചതിനെ തുടർന്ന് ഗുരുവായൂർ പോലീസിന്റെ നേതൃത്വത്തിൽ ബോംബ്-ഡോഗ് സ്ക്വാഡുകൾ നഗരത്തിലും ക്ഷേത്ര പരിസരത്തും പരിശോധന നടത്തിയിരുന്നു.
രാത്രിയോടെയാണ് ഈ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തിയത്. പിന്നീട് ഒമ്പതേകാലോടെയാണ് ക്ഷേത്രത്തിലേക്ക് ഈ സന്ദേശം എത്തിയത്. ഇതിനു മുന്പും ക്ഷേത്രത്തിലേക്ക് ബോംബ് ഭീഷണി സന്ദേശങ്ങൾ വന്നിരുന്നു. അന്ന് വിളിച്ച ആളുകളെ കണ്ടെത്തിയിരുന്നു.