കൊച്ചി: വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിനു മുമ്പേ തുറന്നുകൊടുത്തെന്ന കേസിൽ വി 4 കൊച്ചി ക്യാമ്പയിൻ കൺട്രോളർ നിപുൺ ചെറിയാന് ജാമ്യമില്ല. ജാമ്യാപേക്ഷ അടുത്ത ദിവസം വീണ്ടും പരിഗണിക്കും. അതേസമയം, ബുധനാഴ്ച അറസ്റ്റിലായ മറ്റു മൂന്ന് വി 4 കൊച്ചി പ്രവർത്തകർക്ക് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
വി 4 കൊച്ചി സ്ഥാപകനേതാക്കളായ ആഞ്ചലോസ്, റാഫേൽ, പ്രവർത്തകൻ സൂരജ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. രണ്ടു പേരുടെ ആൾജാമ്യവും ഒരാൾക്ക് 25,000 രൂപ വീതവും കെട്ടിവെക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ അറസ്റ്റിലായ ഷക്കീർ അലി, ആന്റണി ആൽവിൻ, സാജൻ അസീസ് എന്നിവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
അതേസമയം, നിപുൺ ചെറിയാന്റെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് വി 4 കൊച്ചി ഭാരവാഹികൾ അറിയിച്ചു. സംഭത്തിൽ വി ഫോർ കൊച്ചിയ്ക്ക് പങ്കില്ലെന്നും തങ്ങളുടെ പ്രവർത്തകരെ പോലീസ് മനഃപൂർവം വേട്ടയാടുകയാണെന്നും വി 4 കൊച്ചി നേതാവ് വിജേഷ് പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് നാളെ സംഘടന പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും വിജേഷ് കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച രാത്രിയാണ് നിർമാണം പൂർത്തിയായ വൈറ്റില മേൽപ്പാലത്തിന്റെ ഒരു ഭാഗത്തെ ബാരിക്കേഡുകൾ തകർത്ത് വാഹനങ്ങൾ കടത്തിവിട്ടത്. തുടർന്ന്, സംഭവത്തിനു പിന്നിൽ വി 4 കൊച്ചിയാണെന്ന് ആരോപിച്ച് നിപുൺ ചെറിയാൻ ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പാലം തുറക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 31ന് വി 4 കൊച്ചി പാലത്തിലേക്ക് പദയാത്ര നടത്തിയിരുന്നു.