കെഎസ്ആ‍ർടിസിയിലെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി; ജീവനക്കാരില്‍ നിന്ന് പിടിച്ചതടക്കം 175 കോടി കുടിശ്ശിക പെൻഷൻ ഫണ്ടിൽ അടച്ചില്ല

കൊച്ചി: കെഎസ്ആ‍ർടിസിയിലെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അവതാളത്തില്‍. ജീവനക്കാരില്‍ നിന്ന് പിടിച്ചതടക്കം 175 കോടി രൂപ ഇനിയും പെന്‍ഷന്‍ ഫണ്ടിലേക്ക് അടച്ചില്ല. ഗൗരവമായ പരിഗണന ഇക്കാര്യത്തില്‍ ആവശ്യമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി നാലാഴ്ചക്കുള്ളില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസിയോടാവശ്യപ്പെട്ടു.

2013 ഏപ്രില്‍ 1 മുതല്‍ സര്‍വ്വീസില്‍ പ്രവേശിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമാണ്. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിക്കുന്ന 10 ശതമാനം വിഹിതത്തിനൊപ്പം തത്തുല്യമായ വിഹിതം കെഎസ്ആര്‍ടിസിയും നല്‍കണം.‍ എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഇത് മുടങ്ങി.

നിലവില്‍ 175 കോടി രൂപയാണ് കുടിശ്ശിക. പെന്‍ഷന്‍ ഫണ്ടിലേക്ക് പണമടക്കാത്തത് ഫണ്ടിന്‍റെ വളര്‍ച്ചയെ ബാധിക്കുമെന്നും , ഭാവിയില്‍ ലഭിക്കേണ്ട പെന്‍ഷനില്‍ കാര്യമായ ഇടിവുണ്ടാക്കുമെന്നും ജീവനക്കാരില്‍ ആശങ്ക ശക്തമാണ്. ഈ സാഹചര്യത്തിലാണ് തൊഴിവാളി യൂണിയന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ജീവനക്കാരുടെ പിടിച്ച വിഹിതമടക്കം പെന്‍ഷന്‍ ഫണ്ടിലേക്ക് അടക്കാത്തത് ഗൗരവതരമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി 4 ആഴ്ചക്കകം ഭാവി നടപടി വിശദീകരിക്കാന്‍ കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍സഹായം ലഭിക്കുന്നതുകൊണ്ടാണ് നിലവിൽ കെഎസ്ആർടിസിയിൽ ശമ്പളവും പെന്‍ഷനും നല്‍കുന്നത്.

മുഖ്യമന്ത്രി രണ്ട് മാസം മുമ്പ് പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി പുനരുജ്ജീവന പാക്കേജില്‍ 255 കോടി സഹായം വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഈ പണം ലഭിച്ചാലുടന്‍ പെന്‍ഷന്‍ ഫണ്ടിലെ കുടിശ്ശിക അടച്ചു തീര്‍ക്കാമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനും തീരുമാനമായി.