കൊറോണ വ്യാപനം രൂക്ഷമാകുന്നു ; കേരളം അടക്കം നാല് സംസ്ഥാനങ്ങൾ അതീവ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡെല്‍ഹി: കൊറോണ കേസുകളിൽ അടുത്തിടെ വർധന രേഖപ്പെടുത്തിയ കേരളം അടക്കം നാല് സംസ്ഥാനങ്ങൾ അതീവ ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. കൊറോണ കേസുകൾ വർധിക്കുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആരോ​ഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ നാല് സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഛത്തീസ്​ഗഢ്, പശ്ചിമബം​ഗാൾ‌ എന്നീ സംസ്ഥാനങ്ങൾക്കാണ് നിർദേശം.

രാജ്യത്തെ സജീവ കൊറോണ കേസുകളുടെ 59 ശതമാനവും ഈ നാല് സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. കൊറോണ വകഭേദം രാജ്യത്തും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം ഒരു കാരണവശാലും കുറയ്ക്കരുതെന്ന് കത്തിൽ പറയുന്നു.

കൊറോണ പ്രതിരോധത്തിനുള്ള പദ്ധതികൾ കാര്യക്ഷമമാക്കണം. മാസ്ക് ധരിക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും നാല് സംസ്ഥാനങ്ങളും ജനങ്ങളോട് നിർദേശിക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു.

കേരളത്തില്‍ 5000ത്തോളം പുതിയ കേസുകളാണ് കഴിഞ്ഞ ആഴ്ചയിലെ ഓരോ ദിവസവും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയില്‍ 3700 ഓളവും ഛത്തീസ്ഗഢില്‍ ആയിരത്തോളവും ബംഗാളില്‍ 900ത്തോളവും പുതിയ കേസുകളും അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.