തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ കശുവണ്ടി അഴിമതി കേസിലെ പ്രതിയും ഖാദി ബോർഡ് സെക്രട്ടറിയുമായ കെ എ രതീഷിന് ഇരട്ടി ശമ്പളം നൽകാൻ തീരുമാനം. 1.72 ലക്ഷം രൂപ ശമ്പളം നൽകാനാണ് തീരുമാനം. ബോർഡിൽ അഞ്ച് പേരിൽ രണ്ടംഗങ്ങൾ മാത്രം അനുകൂലിച്ച നിർദ്ദേശത്തിൽ മന്ത്രി ഇപി ജയരാജന്റെ അഭിപ്രായം പരിഗണിച്ചാണ് തീരുമാനമുണ്ടായത്.
ഖാദി ബോർഡ് മുൻ സെക്രട്ടറി ശമ്പളമായി കൈപ്പറ്റിയത് 80,000 രൂപയാണെങ്കിലും തനിക്ക് ശമ്പളമായി 1,75,000 രൂപ വേണമെന്നാവശ്യപ്പെട്ട് രതീഷ് നേരത്തെ കത്തെഴുതിയിരുന്നു. തുടർന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് ഖാദി ബോർഡ് ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാനാവശ്യപ്പെട്ട് കത്തച്ചു.
ഡയറക്ടർ ബോർഡിൽ അഞ്ച് പേരിൽ രണ്ടംഗങ്ങൾ മാത്രമാണ് ശമ്പളവർധനയെ ആദ്യം അനുകൂലിച്ചത്. മന്ത്രി ഇപി ജയരാജന്റെ നിർദ്ദേശങ്ങളാണ് പിന്നീട് നിർണായക തീരുമാനത്തിലേക്ക് എത്തിച്ചത്. പുതിയ ശമ്പളമായി നൽകുന്ന ഒന്നേ മുക്കാൽ ലക്ഷവും തൃപ്തികരമല്ലെന്ന് മന്ത്രി ഇ പി ജയരാജൻ യോഗത്തിൽ പറഞ്ഞതായാണ് വിവരം.
മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഖാദി ബോർഡ് യോഗം വ്യവസായ മന്ത്രിയുടെ ചേംബറിൽ ചേർന്നത്. ശമ്പളവിതരണത്തിലടക്കം കടുത്ത സാമ്പത്തിക ബാധ്യതക്കിടെയാണ് ഖാദി ബോർഡ് സെക്രട്ടറിയുടെ ശമ്പളം ഇരട്ടിയാക്കിയുള്ള തീരുമാനം.
കൃത്യമായി പെൻഷനും ശമ്പളവും നൽകാൻ കഴിയാതെ ചക്രശ്വാസം വലിക്കുമ്പോഴാണ് വിദഗ്ധ സേവനത്തിന് ശമ്പള വർധന. ഇൻസ്ട്രക്ടർമാർ അടക്കം അൻപതോളം പേരെ സ്ഥിരപ്പെടുത്താൻ ഖാദി ബോർഡും നീക്കവും നടക്കുന്നുണ്ട്.