കൊച്ചി: ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില മേൽപ്പാലം തുറന്ന് നൽകിയതിനെ പിന്തുണച്ച് ജസ്റ്റിസ് ബി.കമാൽ പാഷ. മുഖ്യമന്ത്രി കാലെടുത്ത് വച്ചാലേ ഉദ്ഘാടനം ആകുകയുള്ളു എന്നുണ്ടോ. ഇന്നയാൾ പാലത്തിൽ കയറണമെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഭിക്ഷക്കാരൻ കയറിയാലും ഉദ്ഘാടനമാകും.
ജനങ്ങളുടെ വകയാണ് പാലം. അതിന് പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആവശ്യമില്ല. പാലം തുറക്കാൻ കമ്യൂണിസ്റ്റ് സർക്കാർ സമയം നോക്കിയിരിക്കുകയാണെന്നും ജസ്റ്റിസ് ബി.കമാൽ പാഷ വിമർശിച്ചു.
വോട്ടിന് വേണ്ടി എന്തോ വലിയ കാര്യം ചെയ്തു എന്ന് പറഞ്ഞിരിക്കുകയാണ്. പൊറുതിമുട്ടിയ ജനങ്ങൾ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ജനുവരി ഒമ്പതിന് തുറക്കുമെന്ന് പ്രഖ്യാപിച്ചത്. ജനങ്ങളുടെ പ്രതിഷേധമാണ് വൈറ്റിലയിൽ കണ്ടതെന്നും ജസ്റ്റിസ് ബി.കമാൽ പാഷ പറഞ്ഞു.
പാലത്തിലൂടെ പോയാൽ പൊതുമുതൽ നശിപ്പിക്കലാവില്ല. അതിനാൽ തന്നെ പൊതുമുതൽ നശിപ്പിച്ചുവെന്ന് പറഞ്ഞ് കേസെടുക്കാനാവില്ല. പൊതുസ്ഥലത്തിലൂടെ വണ്ടി പോകുകയാണ് ചെയ്തത്. എംഎൽഎമാർ ഫണ്ടിൽ നിന്നും ചെലവഴിക്കുമ്പോൾ പേരെഴുതി വയ്ക്കുന്നതാണ് പൊതുമുതൽ നശിപ്പിക്കൽ.
ജനങ്ങളുടെ പണവും ജനങ്ങളുടെ സ്ഥലവുമാണ്. അവിടെ ജനങ്ങൾക്ക് കയറാൻ അവകാശമുണ്ട്. സ്വന്തം വീട്ടിലെ തേങ്ങവെട്ടി പണിതതല്ല പാലമെന്ന് ഓർക്കണമെന്നും ജസ്റ്റിസ് കമാൽ പാഷ പറഞ്ഞു.