കൊറോണ വൈറസിന്റെ ഉത്ഭവം; വിദഗ്ധ സംഘത്തിന് പ്രവേശനം നല്‍കാതെ ചൈന; നിരാശാജനകമെന്ന് ലോകാരോഗ്യസംഘടന

ജനീവ : കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചൈനയിലേക്ക് യാത്രതിരിക്കുന്ന വിദഗ്ധ സംഘത്തിന് രാജ്യത്തേക്ക് പ്രവേശിക്കാൻ ചൈനീസ് സർക്കാർ അനുമതി നൽകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. അവസാന നിമിഷം അനുമതി നിഷേധിച്ച ചൈനയുടെ നടപടി ഏറെ നിരാശാജനകമാണെന്ന് ഡബ്യുഎച്ച്ഒ തലവൻ ടെഡ്രോസ് അഥാനോം ഗെബ്രിയേസൂസ് വ്യക്തമാക്കി.

മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ പത്തംഗ വിദഗ്ധ സംഘമാണ് വൈറസ് ഉത്ഭവത്തെക്കുറിച്ച് പഠിക്കാൻ ഈ ആഴ്ച ചൈനയിലേക്കെത്തുന്നത്. ഇതിൽ രണ്ട് പേർ നിലവിൽ ചൈനയിലേക്ക് പുറപ്പെട്ടതായും മറ്റുള്ളവർക്ക് അവസാന നിമിഷം യാത്രതിരിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ട്രെഡ്രോസ് പറഞ്ഞു.

‘വിദഗ്ധ സംഘത്തിന് ചൈനയിലേക്ക് പ്രവേശിക്കാനുള്ള അടിയന്തര അനുമതി നൽകുന്ന കാര്യത്തിൽ ചൈനീസ് അധികൃതർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ഇപ്പോഴാണ് മനസ്സിലായത്. മുതിർന്ന ചൈനീസ് അധികൃതരുമായി സംസാരിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെയും രാജ്യാന്തര സംഘത്തിന്റെയും പ്രഥമ ദൗത്യം ഇതാണെന്ന് അവരെ അറിയിക്കുകയും ചെയ്തു. പ്രവേശന അനുമതി നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ ചൈന എത്രയും വേഗത്തിൽ പൂർത്തീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്’ ട്രെഡ്രോസ് പറഞ്ഞു.

അതേസമയം വിസാ ക്ലിയറൻസുമായി ബന്ധപ്പെട്ട പ്രശ്നമാണ് അനുമതി ലഭിക്കാത്തതിന് കാരണമെന്ന് ലോകാരോഗ്യ സംഘടനാ അടിയന്തര വിഭാഗം ഡയറക്ടർ മൈക്കിൽ റയാൻ അഭിപ്രായപ്പെട്ടു. വളരെ വേഗത്തിൽ തന്നെ ചൈന പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2019 അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യം കണ്ടെത്തുന്നത്. പിന്നാലെ ലോകത്താകമാനം പടർന്നുപിടിച്ച വൈറസ്ബാധിച്ച് ഇതുവരെ ഏകദേശം 18 ലക്ഷത്തിലേറെ പേർ മരിച്ചു. വൈറസ് വ്യാപനത്തിന്റെ പേരിൽ ചൈനയെ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു.