ഉറങ്ങികിടന്ന ഭർത്താവിന്‍റെ മുഖത്ത്​ ഭാര്യ തിളച്ച​എണ്ണ ഒഴിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

ഭോപ്പാൽ: ജോലി കഴിഞ്ഞ്​ വീട്ടിൽ വൈകിയെത്തിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്​ ഉറങ്ങികിടന്ന ഭർത്താവിന്‍റെ മുഖത്ത്​ ഭാര്യ തിളച്ച​ എണ്ണ ഒഴിച്ചു. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ്​ സംഭവം. 39കാരനായ അരവിന്ദ്​ ആശിർവാറി​ന്‍റെ മുഖത്താണ്​ 35കാരിയായ ഭാര്യ ശിവകുമാരി ആശിർവാർ തിളച്ച എണ്ണ ഒഴിച്ചത്​.

മുഖത്ത്​ ഗുരുതര പൊള്ളലേറ്റ നിലയിൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികൾ തമ്മിൽ ദിവസവും വഴക്ക്​ പതിവായിരുന്നു. ദിവസക്കൂലിക്കാരനായ അരവിന്ദ്​ ജോലിക്ക്​ ശേഷം ഏറെ വൈകി വീട്ടിലെത്തുന്നതിനെ ചൊല്ലിയായിരുന്നു സ്​ഥിരം വഴക്ക്​. കുറച്ചുദിവസം മുമ്പ്​ ഇരുവരും തമ്മിലുള്ള കലഹം മൂർച്ഛിച്ചതോടെ മറ്റു ബന്ധുക്കളെത്തി പ്രശ്​നം പരിഹരിച്ചിരുന്നു.

വഴക്കിന്​ ശേഷം ഉറങ്ങുകയായിരുന്ന അരവിന്ദിന്‍റെ മുഖത്ത്​ വെളുപ്പിന്​ അഞ്ചുമണിക്ക്​ ഭാര്യ തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. മുറിയിൽനിന്ന്​ അരവിന്ദിന്‍റെ കരച്ചിൽ കേട്ടതോടെ ബന്ധുക്കളെത്തി യുവാവിനെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചു. അരവിന്ദിന്‍റെ മൊഴിയുടെ അടിസ്​ഥാനത്തിൽ ശിവകുമാരിക്കെതിരെ കേസ്​ രജിസ്റ്റർ ചെയ്​തതായി പൊലീസ്​ പറഞ്ഞു.