മരിക്കുമ്പോൾ 12 ലക്ഷം കടം; റമ്മിയെന്ന കൊലയാളിക്കളിയുടെ തട്ടിപ്പിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ; സുഹൃത്തുക്കള്‍ക്ക് ഫോട്ടോ സഹിതം അപമാനിച്ച് മെസേജ്: റമ്മി കളിച്ച് കടക്കെണിയിലായി ജീവനൊടുക്കിയ യുവാവിനെ വേട്ടയാടിയത് മൊബൈല്‍ വായ്പാ ആപ്പുകളും

തിരുവനന്തപുരം: കുറ്റിച്ചലില്‍ ഓണ്‍ലൈന്‍ റമ്മി കളിച്ച് കടക്കെണിയിലായ യുവാവിന്‍റെ ആത്മഹത്യക്ക് പിന്നില്‍ മൊബൈല്‍ വായ്പാ ആപ്പുകളും. കൊള്ളപ്പലിശ കൊടുത്തു തീര്‍ക്കാനാവാതെ വന്നപ്പോള്‍ സുഹൃത്തുക്കള്‍ക്കും ഐഎസ്ആർഒയിലെ സഹപ്രവര്‍ത്തകര്‍ക്കും വിനീതിനെ അവഹേളിച്ച് ഫോട്ടോ അടക്കം സന്ദേശം അയച്ചു. മറ്റൊരു വായ്പാ ആപ്പിന്‍റെ എക്സിക്യൂട്ടീവ് വീട്ടില്‍ നേരിട്ട് എത്തിയെന്ന് വിനീതിന്‍റെ സഹോദരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കുറ്റിച്ചല്‍ സ്വദേശിയും ഐഎസ്ആർഒ കരാര്‍ ജീവനക്കാരനുമായിരുന്ന വിനീത് ഡിസംബര്‍ 31ന് ആത്മഹത്യ ചെയ്യുമ്പോള്‍ 12 ലക്ഷത്തിന്‍റെ കടക്കാരനായിരുന്നു. ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ റമ്മികളിച്ച് വിനീത് കടക്കെണിയിലായെന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ ഇതിലെ ഓണ്‍ലൈന്‍ വായ്പാ ആപ്പുകളുടെ ചതി കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സുഹൃത്തുക്കളില്‍ നിന്ന് കടമെടുക്കുന്നത് തികയാതെ വന്നപ്പോള്‍ മൊബൈല്‍ വായ്പാ ആപ്പുകളില്‍ നിന്ന് വട്ടിപ്പലിശക്ക് കടമെടുതിരുന്നു. തന്‍റെ സുഹൃത്തുക്കള്‍ക്കെല്ലാം ആപ്പുകാര്‍ ഫോട്ടോ സഹിതം അപമാനിച്ച് മെസേജ് അയച്ചത് വിനീതിനെ തളര്‍ത്തി. താന്‍ പെട്ടുപോയെന്നാണ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് വിനീത് സുഹൃത്തുക്കളോട് പറഞ്ഞത്.

ഓണ്‍ലൈന്‍ റമ്മി ആപ്പുകളും വായ്പാ ആപ്പുകളും തമ്മിലുള്ള അവിഹിത ബന്ധത്തിന്‍റെ തെളിവാണ് വിനീതിനുണ്ടായ ദുരന്തം. റമ്മി കളിക്കാന്‍ പണമില്ലെങ്കില്‍ വായ്പ നല്‍കാന്‍ ആപ്പുകളുണ്ട്. കടമെടുത്ത് കളിക്കാം, പണം പോകുമ്പോള്‍ വീണ്ടും കടമെടുക്കാം. ഒടുവില്‍ കാത്തിരിക്കുന്നത് വലിയ ദുരന്തവും.