പഞ്ചാബിൽ കാർഷിക നിയമങ്ങൾ നടപ്പാക്കിയിട്ടില്ല; കർഷക പ്രതിഷേധത്തെക്കുറിച്ച് ആം ആദ്മി പാർട്ടി തെറ്റിദ്ധാരണ പരത്തുന്നു : അമരീന്ദർ സിങ്

ചണ്ഡീഗഢ്: കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ പഞ്ചാബ് നടപ്പിലാക്കിക്കഴിഞ്ഞുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി അമരീന്ദർ സിങ്. കർഷിക നിയമങ്ങൾ നടപ്പിലാക്കി എന്ന തരത്തിലുള്ള പ്രചാരണങ്ങളും വാർത്തകളും നിരുത്തരവാദപരമാണെന്ന് അദേഹം പ്രതികരിച്ചു. ഭക്ഷ്യമന്ത്രി ഭരത്ഭൂഷൺ ആഷുവിന്റെ പ്രസ്താവന ഒരു ദിനപത്രം വളച്ചൊടിക്കുകയായിരുന്നു.കർഷക പ്രതിഷേധത്തെക്കുറിച്ച്‌ ആം ആദ്മി പാർട്ടി തെറ്റിദ്ധാരണ പരത്തുകയാണ്.

കർഷകരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കാനായി പഞ്ചാബ് സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട് സഹായം അഭ്യർഥിക്കാനായി ഇതിനോടകം ഹെൽപ്പ്‌ലൈൻ സംവിധാനം ഏർപ്പെടുത്തി. കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ കേൾക്കാൻ തയ്യാറാകണമെന്നും അമരീന്ദർ സിങ് പറഞ്ഞു.

പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ കർഷകർ രണ്ട് മാസത്തിലേറെയായി കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്നതിനിടയിലാണ് അമരീന്ദർ സിങ്ങിന്റെ വിശദീകരണം.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ് അമരീന്ദർ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചത്. കാർഷിക നിയമങ്ങൾക്കെതിരെ ആദ്യം നിലപാട് സ്വീകരിച്ചത് പഞ്ചാബാണെന്നും പുതിയ നിയമങ്ങൾ ബാധിക്കാതിരിക്കാൻ സംസ്ഥാനം നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു.