കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് ; സുരക്ഷാ വിലയിരുത്തല്‍ തൃപ്തികരം; സിവില്‍ ഏവിയേഷൻ തീരുമാനം ഉടൻ

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന്​ വലിയ വിമാനങ്ങളുടെ സര്‍വിസ് ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ സുരക്ഷ വിലയിരുത്തല്‍ (സേഫ്റ്റി അസസ്മെന്‍റ്) തൃപ്തികരം. ഇന്നലെ കരിപ്പൂരില്‍ ചേർന്ന വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും വിമാനകമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് സുരക്ഷ നടപടി വിലയിരുത്തിയത്.

കരിപ്പൂരിലെ സേഫ്റ്റി മാനേജര്‍ ഒ.വി. മാര്‍ക്സിസിന്റെ നേതൃത്വത്തിൽ എയര്‍ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, എമിറേറ്റ്സ്, ഖത്തര്‍ എയര്‍വേസ് എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനായി യോഗത്തില്‍ സംബന്ധിച്ചു.

വലിയ വിമാനങ്ങള്‍ക്ക് ഉള്‍പ്പെടെ സര്‍വിസ് നടത്താനാവശ്യമായ എല്ലാ സുരക്ഷയും കരിപ്പൂരില്‍ തയാറാണെന്ന് അതോറിറ്റി വിമാനകമ്പനി പ്രതിനിധികളെ അറിയിച്ചു. എത്ര നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ ടെയ്ല്‍ വിന്‍ഡില്‍ ലാന്‍ഡ്​ ചെയ്യാന്‍ പറ്റും, ലാന്‍ഡ്​ ചെയ്യാനാവശ്യമായ റണ്‍വേ നീളം തുടങ്ങിയവ ഉള്‍പ്പെടുത്തി പുതിയ സ്​റ്റാന്‍ഡേഡ് ഓപറേറ്റിങ് പ്രൊസീഡ്യര്‍ (എസ്.ഒ.പി) സമര്‍പ്പിക്കാന്‍ യോഗത്തില്‍ വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.

ജനുവരി 12നകം എസ് ഒ പി നല്‍കാമെന്നാണ് കമ്പനികള്‍ അറിയിച്ചത്. അതിനു ശേഷം 15ഓടെ സുരക്ഷ വിലയിരുത്തല്‍ റിപ്പോര്‍ട്ടും എസ്ഒപിയും ഉള്‍പ്പെടെ അന്തിമ അനുമതിക്കായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡിജിസിഎ) കരിപ്പൂരില്‍ നിന്ന്​ അന്തിമ റിപ്പോര്‍ട്ട്​ സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഡിജിസിഎ അനുമതി കാര്യത്തില്‍ തീരുമാനമെടുക്കുക.