ഇസ്രായേലും ഇന്ത്യയും സംയുക്തമായി നിർമ്മിച്ച മീഡിയം റേഞ്ച് ഭൂതല മിസൈൽ പരീക്ഷണം വിജയകരം

ജറുസലേം: ഇസ്രായേലും ഇന്ത്യയും സംയുക്തമായി നിർമ്മിച്ച മീഡിയം റേഞ്ച് ഉപരിതല ഭൂതല മിസൈൽ സംവിധാനം വിജയകരമായി പരീക്ഷിച്ചു. ഇസ്രായേൽ എയറോ സ്‌പേസ് ഇൻഡസ്ട്രീസ് (ഐഎഐ) ആണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ ഏജൻസിയായ ഡിആർഡിഒയും ഐഎഐയും സംയുക്തമായി വികസിപ്പിച്ച മിസൈൽ സംവിധാനത്തിന്റെ ട്രയൽ പരീക്ഷണം കഴിഞ്ഞ ആഴ്ച സംഘടിപ്പിക്കുകയും മിസൈലിന്റെ ഭാഗങ്ങളുടെ ഗുണനിലവാരം പരിശോധിക്കുകയും ചെയ്തിരുന്നു.

മിസൈൽ സംവിധാനത്തിന്റെ പരീക്ഷണം വിജയിച്ചത് മിസൈൽ പ്രതിരോധ രംഗത്ത് നിർണ്ണായക വഴിത്തിരിവാകുമെന്ന് ഐഎഐ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങൾക്കും, ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിനും വേണ്ടിയാണ് ഡിആർഡിഒയും ഐഎഐയും ചേർന്ന് മിസൈൽ സംവിധാനം വികസിപ്പിച്ചത്. ഇരു രാജ്യങ്ങളിലെയും പ്രതിരോധ കമ്പനികളും മിസൈൽ സംവിധാനം നിർമ്മിക്കുന്നതിൽ പങ്ക് ചേർന്നിട്ടുണ്ട്.

ആകാശത്ത് ശത്രുക്കൾക്കെതിരെ ശക്തമായ പ്രതിരോധ കോട്ട തീർക്കാൻ കഴിവുള്ളവയാണ് ഉപരിതലത്തിൽ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന മിസൈൽ സംവിധാനം. 50 മുതൽ 70 കിലോമീറ്റർ പരിധിവരെയുള്ള ലക്ഷ്യം ഭേദിക്കാൻ മിസൈലുകൾക്കാകും. ഫേസ്- ഏരി റഡാറുകൾ, കമാന്റ് ആന്റ് കൺട്രോൾ, മൊബൈൽ ലോഞ്ചർ, ഇആർഎഫ് സീക്കറോടുകൂടിയ ഇന്റർസെപ്‌ടേഴ്‌സ് എന്നിവ ഉൾപ്പെടുന്നതാണ് മിസൈൽ സംവിധാനം.