ന്യൂഡെൽഹി: മൊബൈൽ ടവറുകൾ നശിപ്പിച്ചവർക്കെതിരേ നടപടി ആവശ്യപ്പെട്ട് റിലയൻസ് ജിയോ നൽകിയ ഹർജിയിൽ പഞ്ചാബിനും കേന്ദ്ര സർക്കാരിനും പഞ്ചാബ്- ഹരിയാന ഹൈക്കോടതി നോട്ടീസയച്ചു. പഞ്ചാബ് ചീഫ് സെക്രട്ടറി, ഡിജിപി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ടെലികമ്മ്യൂണിക്കേഷൻ വിഭാഗം എന്നിവർക്കാണ് നോട്ടീസയച്ചത്.
റിലയൻസ് നൽകിയ ഹർജിയിൽ ഫെബ്രുവരി എട്ടിനു മുന്പ് മറുപടി നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. കർഷക നിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തിയിൽ പ്രതിഷേധങ്ങൾ തുടങ്ങിയതിനു പിന്നാലെയാണ് പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിൽ റിലയൻസ് ടവറുകൾ നശിപ്പിക്കാൻ ആരംഭിച്ചതെന്നു ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.
കുത്തക കമ്പനികളെ ബഹിഷ്കരിക്കുക എന്ന പ്രചാരണത്തിന്റെ മറവിൽ തങ്ങളുടെ ടവറുകൾക്കും ഷോപ്പുകൾക്കുമെതിരേ വ്യാപക ആക്രമണമാണ് നടന്നത്. 9000 ടവറുകൾ ഉള്ളതിൽ 1500 ടവറുകളിലും നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. കേബിളുകളും വൈദ്യുതി ബന്ധവും നശിപ്പിച്ചിരിക്കുകയാണ്. ജനറേറ്ററുകൾ അപഹരിക്കപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ നടപടിയെടുക്കണമെന്നും ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും റിലയൻസ് ജിയോ കമ്മ്യൂണിക്കേഷൻ ആവശ്യപ്പെടുന്നു.