വാഷിംഗ്ടൺ: ഹോളിവുഡ് നടി ടാന്യ റോബർട്സ് (65) അന്തരിച്ചു. കഴിഞ്ഞ ദിവസം നടിയുടെ ജീവിതപങ്കാളി ലാൻസ് ഒബ്രയാൻ ടാന്യയുടെ മരണവാർത്ത മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. എന്നാൽ, അതിന് തൊട്ടുപിന്നാലെ അവരുടെ പ്രതിനിധി മൈക്ക് പിംഗിൾ മരണവാർത്ത നിഷേധിച്ചു. ടാന്യ ഗുരുതരാവസ്ഥയിലാണെന്നായിരുന്നു മൈക്ക് പിംഗിൾ പറഞ്ഞത്.
പിന്നീട് നടി മരണത്തിന് കീഴടങ്ങുകയായിരുന്നു. ക്രിസ്മസ് തലേന്ന് വളർത്തുനായയുമായി നടക്കാൻ ഇറങ്ങിയ സമയത്ത് കുഴഞ്ഞുവീണതിനെ തുടർന്നാണ് ടാന്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
കൊറോണ മൂലമാണ് ടാന്യ മരിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, നടിയ്ക്ക് കൊറോണ ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതായി ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിക്ടോറിയ ലേ ബ്ലം എന്നാണ് ടാന്യയുടെ യഥാർത്ഥ പേര്. ആദ്യകാലത്ത് മോഡലായിരുന്ന ടാന്യ, 1975-ൽ ഇറങ്ങിയ ഫോഴ്സ്ഡ് എൻട്രിയിലൂടെയാണ് അഭിനയജീവിതം ആരംഭിക്കുന്നത്. 85-ൽ റോജർ മൂറിനൊപ്പം എ വ്യൂ ടു എ കിൽ എന്ന ജയിംസ് ബോണ്ട് ചിത്രത്തിൽ നായികയായി.
റാക്വെറ്റ് (1977), ദ് ബീസ്റ്റ് മാസ്റ്റർ (1982), ഷീന: ദ് ക്വീൻ ഓഫ് ജംഗിൾ (1984), നൈറ്റ് അയ്സ് (1990) എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ചാർലീസ് ഏഞ്ചൽസ് അടക്കം നിരവധി ടെലിവിഷൻ സീരിസുകളുടേയും ഭാഗമായി. 2005-ൽ പുറത്തിറങ്ങിയ ബാർബർ ഷോപ്പെന്ന സീരിസിലാണ് അവസാനം അഭിനയിച്ചത്. പരേതനായ ബാരി റോബർട്സ് ആണ് ഭർത്താവ്.