വൈറ്റില മേൽപ്പാലത്തിൽ ഉദ്ഘാടനത്തിന് മുമ്പ് വാഹനം കടത്തിവിട്ട സംഭവം, നാല് പേർ അറസ്റ്റിൽ

കൊച്ചി: സ൦സ്ഥാന സ൪ക്കാ൪ തുറന്ന് കൊടുക്കാത്ത വൈറ്റില പാലത്തിലൂടെ ഉദ്ഘടനതിന് മുമ്പ് വാഹനം കടത്തിവിട്ട
സംഭവവുമായി ബന്ധപ്പെട്ട് നാല് വി ഫോർ കൊച്ചി പ്രവർത്തകർ അറസ്റ്റിൽ. നിപുൺ ചെറിയാൻ, സൂരജ്, ആഞ്ചലോസ്, റാഫേൽ എന്നീ നാല് പേരാണ് അറസ്റ്റിലായത്. അനധികൃതമായ സ൦ഘ൦ ചേരൽ കുറ്റം ചുമത്തിയാണ് മരട് പൊലീസ് കേസെടുത്തത്.

ഇന്നലെ രാത്രി ഒരു സംഘം ആളുകളെത്തിയാണ് ഒരു വശത്തെ ബാരിക്കേഡുകൾ തള്ളിമാറ്റി പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്. ശനിയാഴ്ച ഉദ്ഘാടനം നടക്കാനിരിക്കെയാണ് സംഭവം നടന്നത്. മേൽപാലം തുറന്ന് കൊടുക്കാൻ വൈകുന്നെന്ന് ആരോപിച്ച് വി ഫോർ കൊച്ചി സമരം നടത്തിയിരുന്നു.

ഒരു വശത്തെ ബാരിക്കേഡ് എടുത്തുമാറ്റിയതിനെ തുടർന്ന് ലോറി അടക്കമുള്ള വാഹനങ്ങൾ പാലത്തിൽ കയറി വലിയ ഗതാഗത കുരുക്കാണ് ഉണ്ടായത്. അബദ്ധത്തിൽ കയറിപ്പോയ വാഹനങ്ങൾ പുറകോട്ടിറക്കി പൊലീസ് പാലം വീണ്ടുമടച്ചു.

പണി പൂർത്തിയായ പാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച്ച വി 4 കൊച്ചിയുടെ നേത്യത്വത്തിൽ ഇവിടെ സംഘടിച്ചപ്പോൾ പോലീസ് ഇവരെ തടഞ്ഞ് തിരിച്ച് വിടുകയായിരുന്നു.

തങ്ങളുടെ സമരത്തിൻ്റെ ആവേശം ഉൾക്കൊണ്ട നാട്ടുകാരാണ് സഹികെട്ട് മേൽപ്പാലം തുറന്ന് കൊടുത്തതെന്നാണ് വി 4 കൊച്ചിയുടെ നേതാക്കൾ പറഞ്ഞത്. പോലീസ് പാലത്തിലൂടെ കടന്ന് വന്ന വാഹനങ്ങൾ തടഞ്ഞത് നിയമ വിരുദ്ധമാണെന്നും, ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും വി 4 കൊച്ചിയുടെ നേതാക്കൾ വ്യക്തമാക്കി.