പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കാം; സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് സുപ്രീം കോടതി അനുമതി

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരം ഉൾപ്പെടുന്ന ‘സെൻട്രൽ വിസ്ത’ പദ്ധതിയുമായി കേന്ദ്ര സർക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി. ജോലികളുമായി മുന്നോട്ടുപോകാൻ ഭൂരിപക്ഷ വിധിയിൽ കോടതി അംഗീകാരം നൽകി. പദ്ധതിക്കെതിരായ ഹർജികളിൽ ജസ്റ്റിസ് എഎം ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ചാണ് വിധിപറഞ്ഞത്.

‘പരിസ്ഥിതി അനുമതി നൽകിയതിൽ അപാകതകൾ ഉണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. പ്രസ്തുത സ്ഥലത്തിന് എന്തെങ്കിലും മാറ്റം വരുത്തുന്നതിലും അപാതകളില്ല..’ കോടതിയുടെ മൂന്ന് ജഡ്ജി ബെഞ്ച് ഭൂരിപക്ഷ വിധിന്യായത്തിൽ പറഞ്ഞു. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകാർ, ദിനേഷ് മഹേശ്വരി എന്നിവരാണ് ഭൂരിപക്ഷ വിധിയിൽ ഒപ്പിട്ടത്.

ഭൂവിനിയോഗത്തിൽ വരുത്തിയ മാറ്റത്തിൽ വിയോജിപ്പ് രേഖപ്പെടുത്തികൊണ്ടാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഭിന്ന വിധി രേഖപ്പെടുത്തിയത്. നിയമപ്രകാരം ഏതെങ്കിലും തരത്തിൽ ഭൂവിനിയോഗത്തിൽ മാറ്റം വരുത്താൻ പൊതുജനാഭിപ്രായം കേൾക്കണം. കൂടാതെ പൈതൃക സംരക്ഷണ അതോറിറ്റിയുടെ അനുമതിയും വേണം. ഇതൊന്നും ഇവിടെ നടപ്പായില്ലെന്നും ജസ്റ്റിസ് ഖന്ന ചൂണ്ടിക്കാട്ടി.

ഡിസംബർ പത്തിന് പ്രധാനമന്ത്രിയാണ് ശിലാസ്ഥാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മറ്റു നിർമാണ പ്രവർത്തനങ്ങൾ നടത്തില്ലെന്ന കേന്ദ്ര സർക്കാരിന്റെ ഉറപ്പ് രേഖപ്പെടുത്തിക്കൊണ്ടാണ് ശിലാസ്ഥാപനത്തിന് കോടതി അനുമതി നൽകിയത്. പദ്ധതിക്ക് പാരിസ്ഥിതികാനുമതി നൽകാൻ മന്ത്രാലയത്തിനുകീഴിലുള്ള വിദഗ്ധസമിതി അടുത്തിടെ ശുപാർശ ചെയ്തിരുന്നു.

രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന നാലു കിലോ മീറ്ററുള്ള രാജ്പഥ് പാതയ്ക്കിരുവശത്തുമായി സമഗ്രമാറ്റം ലക്ഷ്യംവെക്കുന്ന കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിക്കെതിരായ ഹർജികൾ നവംബർ അഞ്ചിനാണ് സുപ്രീം കോടതി വിധി പറയാൻ മാറ്റിയത്.

ഇപ്പോഴത്തെ പാർലമെന്റ് കെട്ടിടത്തിന് സൗകര്യവും സുരക്ഷയും സാങ്കേതിക സംവിധാനങ്ങളും കുറവായതിനാൽ പുതിയത് നിർമിച്ചേ പറ്റൂവെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യയുടെ 75-ാം സ്വാന്ത്ര്യദിനം ആഘോഷിക്കുന്ന 2022-നു മുൻപായി പുതിയ മന്ദിര സമുച്ചയം നിർമിക്കാനാണ് ലക്ഷ്യം. പാർലമെന്റും വിവിധ മന്ത്രാലയങ്ങളുമുൾപ്പെടുന്ന സെൻട്രൽ വിസ്ത പുതുക്കിപ്പണിയുന്ന 20,000 കോടിയുടെ പദ്ധതി ഉപേക്ഷിക്കണമെന്നു കാട്ടി 60 മുൻ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.