കേന്ദ്രആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെന്ന വ്യാജേന കാറിൽ അശോകസ്തംഭം പതിച്ച് യാത്ര; വാഹനം പിടിച്ചെടുത്ത് പോലീസ്

കൊച്ചി: കേന്ദ്രആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെന്ന വ്യാജേന കാറിൽ അശോകസ്തംഭം പതിച്ച് ബോർഡും ഒദ്യോഗിക സ്ഥാനപ്പേരും, ചിഹ്നങ്ങളും വച്ച് നഗരത്തിൽ വിലസിയ വിരുതൻ പിടിയിലായി. കാക്കനാട്ടും പരിസരങ്ങളിലും വിലസിയ മഹീന്ദ്രാ സൈലോണയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്. കാക്കനാട് പടമുകൾ പാപ്പാളി റോഡിൽ നോയൽ ആർക്കേഡിയയിൽ താമസിക്കുന്ന സെബിൻ്റേതാണ് വാഹനം.

അശോകസ്തംഭവും,ഔദ്യോഗിക സ്ഥാനചിഹ്നങ്ങളും പതിച്ച ബോർഡ് വച്ചാണ് സെബിൻ വിലസിയത്. ഉയർന്ന കേന്ദ്രആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെന്ന് തോന്നും വിധമായിരുന്നു ചുവപ്പ് ബോർഡ് വച്ചിരുന്നത്. ക്രിമിനൽ സർവയലൻസ് ആന്റ് ഇന്റലിജൻസ് എന്ന ബോർഡ്‌ കാണുമ്പോൾ ആരും ഞെട്ടും. ഈ ഞെട്ടലാണ് വാഹന ഉടമയെ ഹരം പിടിപ്പിച്ചത്.

തൃക്കാക്കര സബ് ഇൻസ്പെക്ടർ ആർഷാബുവിന് ലഭിച്ച രഹസ്യവിവരത്തേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനം എറണാകുളം ആർടിഓഫീസിനു കീഴിൽ രജിസ്റ്റർ ചെയ്തതാണെന്ന് കണ്ടെത്തിയത്. തുടർന്ന് വാഹനം കൈയോടെ പിടികൂടി. എസ്ഐമാരായ ജസ്റ്റിൻ, ഹാരോൾഡ് ജോർജ്, റഫീഖ്, സിപിഒ അനൂപ് എന്നിവർ ചേർന്ന് നോയൽ ഫ്ലാറ്റ് സമുച്ചയത്തിന്റെ കാർ പാർക്കിംഗ് ഏരിയയിൽ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.