റഷ്യയുമായുള്ള എസ് 400 മിസൈല്‍ കരാര്‍; ഇന്ത്യക്കെതിരെ യുഎസ് ഉപരോധത്തിന് സാധ്യത

വാഷിങ്ടൺ: റഷ്യയിൽ നിന്ന് എസ്-400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങുന്നതിനുള്ള കരാറിന്റെ പേരിൽ ഇന്ത്യക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയേക്കാമെന്ന് റിപ്പോർട്ട്. യുഎസ് കോൺഗ്രസ് റിപ്പോർട്ട് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകി.

‘റഷ്യൻ നിർമ്മിത എസ് -400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങുന്നതിനുള്ള ഇന്ത്യയുടെ കോടിക്കണക്കിന് ഡോളറിന്റെ കരാറിന്റെ പേരിൽ എതിരാളികളെ നേരിടുന്ന നിയമപ്രകാരം ഇന്ത്യക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയേക്കാം’ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

അതേ സമയം യുഎസ് കോൺഗ്രസ് ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് യുഎസ് കോൺഗ്രസിന്റെ ഔദ്യോഗിക റിപ്പോർട്ടല്ല. കോൺഗ്രസ് അംഗങ്ങളുടെ വീക്ഷണത്തേയും പ്രതിഫലിപ്പിക്കുന്നില്ല. അംഗങ്ങൾ തീരുമാനങ്ങളെടുക്കുന്നതിന് സ്വതന്ത്ര വിദഗ്ദ്ധർ തയ്യാറാക്കുന്നതാണ് ഈ റിപ്പോർട്ട്.

കരാറുമായി മുന്നോട്ട് പോകുന്നത് യുഎസ് ഉപരോധത്തെ ക്ഷണിച്ച് വരുത്തുമെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടും എസ് -400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനത്തിന്റെ അഞ്ച് യൂണിറ്റുകൾ വാങ്ങുന്നതിനായി 2018 ഒക്ടോബറിൽ ഇന്ത്യ റഷ്യയുമായി അഞ്ച് ബില്യൺ ഡോളറിന്റെ കരാർ ഒപ്പിട്ടിരുന്നു.

2019 ൽ മിസൈൽ സംവിധാനത്തിനായി ഇന്ത്യ ഏകദേശം 800 മില്യൺ ഡോളർ റഷ്യയ്ക്ക് നൽകുകയും ചെയ്തു.