ന്യൂഡെൽഹി: തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റിപബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ കർഷകരുടെ നീക്കം. ഇക്കാര്യത്തിൽ കർഷകർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. കേന്ദ്ര സർക്കാരുമായുള്ള ഏഴാംവട്ട ചർച്ചയും പരാജയപ്പെട്ടതോടെയാണ് കർഷക സംഘടനകൾ സമരം കടുപ്പിക്കാൻ തീരുമാനിച്ചത്.
വരാനുള്ള ചർച്ചകൾ കൂടി പരാജയപ്പെട്ടാൽ ജനുവരി 26ന് ഇതുവരെ കാണാത്ത സമരച്ചൂടായിരിക്കും ഡെൽഹിയിൽ അനുഭവപ്പെടുക. ഇതിനായുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ സമരക്കാർ തുടങ്ങിക്കഴിഞ്ഞു. ട്രാക്ടർ പരേഡാണ് ഇതിലെ പ്രധാന ഘടകം. ഡൽഹിയിലേക്കുള്ള റാലിയിൽ പുരുഷൻമാർക്ക് പുറമെ വനിതകളും ട്രാക്ടർ ഓടിച്ച് മുൻപന്തിയിലുണ്ടാകും.
ഹരിയാനയിലെ വിവിധ പ്രദേശങ്ങളിൽ വനിതകൾക്കായി ട്രാക്ടർ ഓടിക്കാനുള്ള പരിശീലനങ്ങൾ നടക്കുകയാണ്. ജിന്ദ്-പട്യാല ദേശീയപാതയിലെ ഖട്കർ ടോൾ പ്ലാസക്ക് സമീപം നടന്ന പരിശീലനത്തിൽ നൂറുകണക്കിന് വനിതകളാണ് പങ്കെടുത്തത്. ഈ ടോൾ പ്ലാസയിൽ കർഷക പ്രേക്ഷാഭം കാരണം ടോൾ പിരിവ് നിർത്തിവെച്ചിരിക്കുകയാണ്.
ദേശീയ തലസ്ഥാനത്തിന്റെ അതിർത്തിയിൽ കർഷകർ നടത്തുന്ന പ്രതിഷേധത്തിൽ ധാരാളം സ്ത്രീകളും പങ്കെടുക്കുന്നുണ്ട്. സമരം ചെയ്യുന്ന കുടുംബങ്ങൾക്കൊപ്പം പൂർണ പിന്തുണയുമായി ഞങ്ങളുമുണ്ടെന്ന് ഈ വനിതകൾ ഉറപ്പിച്ചുപറയുന്നു.
‘ഇപ്പോൾ നടക്കുന്നത് സമരത്തിന്‍റെ ട്രെയിലർ മാത്രമാണ്. ഡൽഹിയിലെ റെഡ് ഫോർട്ടിന് സമീപം ട്രാക്ടറുകൾ നിറയും. അതൊരു ചരിത്ര സംഭവമായി മാറും’ -സഫ ഖേരി ഗ്രാമത്തിലെ സിക്കിം നെയ്ൻ എന്ന 38കാരി പറയുന്നു. ‘ഞാനൊരു കർഷകന്‍റെ മകളാണ്. ഇൗ യുദ്ധക്കളത്തിൽ സ്ത്രീകളുടെ ശക്തി അഭിവാജ്യ ഘടകമായി മാറിയിട്ടുണ്ട്. ആരും പിൻവാങ്ങാൻ പോകുന്നില്ല. ഞങ്ങളെ നിസ്സാരമായി കാണരുത്. രാണ്ടാം സ്വാതന്ത്ര്യ സമരമാണിത്. ഇന്ന് ഞങ്ങൾ യുദ്ധം ചെയ്തില്ലെങ്കിൽ ഭാവിതലമുറയോട് ഞങ്ങൾക്ക് മറുപടി നൽകാനാവില്ല’ -സിക്കിം നെയ്ൻ കൂട്ടിച്ചേർത്തു.
ജനുവരി എട്ടിന് വീണ്ടും കേന്ദ്ര സർക്കാറുമായി ചർച്ചയുണ്ട്. കാർഷിക നിയമങ്ങളിൽ ഭേദഗതിയാകാമെന്ന നിർദേശമാണ് കേന്ദ്രം ആവർത്തിക്കുന്നത്. എന്നാൽ, കർഷക വിരുദ്ധമായ നിയമങ്ങൾ പിൻവലിക്കണമെന്ന് തന്നെയാണ് കർഷക സംഘടനകളുടെ ആവശ്യം.
കർഷകർ മുന്നോട്ടുവെച്ച നാല് അജണ്ടകളിൽ രണ്ടെണ്ണത്തിൽ നേരത്തെ തീരുമാനമായിരുന്നു. വൈക്കോൽ കത്തിക്കുന്നത് ക്രിമിനൽ കുറ്റകൃത്യമാക്കുന്ന പരിസ്ഥിതി ഒാർഡിനൻസിലും കേന്ദ്ര ൈവദ്യുതി നിയമത്തിലുമാണ് ധാരണയായത്.
നവംബർ 26ന് ആരംഭിച്ച കർഷക പ്രക്ഷോഭം 42ാം ദിവസവും തുടരുകയാണ്. ഡൽഹിയിലെ അതിശൈത്യവും പ്രതികൂല കാലാവസ്ഥയും അതിജീവിച്ചാണ് പ്രക്ഷോഭം തുടരുന്നത്. നിരവധി കർഷകർ പ്രക്ഷോഭത്തിനിടെ മരിച്ചുവീണു.