ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ മാറ്റമില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡെൽഹി: ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കും. ബ്രട്ടിഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിൽ ഇതുവരെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അറിയിച്ചു. എൻഡിടിവിയോടായിരുന്നു ഹൈക്കമ്മീഷന്റെ പ്രതികരണം.

ന്യൂഡെൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയാകാനുള്ള ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായി ജോൺസൺ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

ബ്രിട്ടണിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത കൊറോണ വകഭേദം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ബോറിസ് ജോൺസണിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കാനിടയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ജനതിക മാറ്റം വന്ന കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ബ്രിട്ടണിലേക്കുള്ള വിമാന സർവീസുകൾക്ക് വിവിധ രാജ്യങ്ങൾ നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ബ്രിട്ടൺ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു.

റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയാകുന്നതിന് പുറമെ ഇന്ത്യ-ബ്രിട്ടൺ സഹകരണം ശക്തിപ്പെടുത്തുന്നതിനും ബോറിസ് ജോൺസണിന്റെ സന്ദർശനം പ്രധാന്യം നൽകും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളിൽ ഊന്നി ഇരുരാജ്യങ്ങളും ചർച്ച നടത്തും.