പ്രദേശവാസികളുടെ ഉറക്കം കെടുത്തി ഏലക്കാട് ജനവാസ കേന്ദ്രത്തിൽ കാട്ടാനക്കൂട്ടം

അങ്കമാലി: ഏലക്കാട് ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം രാത്രി ഏറെ വൈകിയും കാട്ടിലേക്ക് മടങ്ങിപോകാതെ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. കട്ടക്കയം ജോൺസൻ്റെ വീട്ടിലേക്കുള്ള വഴിയിൽ തമ്പടിച്ച കാട്ടാനക്കൂട്ടം നാട്ടുകാർ ബഹളം വച്ചതോടെ റബർതോട്ടത്തിന്റെ ഉൾഭാഗത്തേക്കു കാട്ടാനകൾ കയറിപ്പോയി.

നൂറേക്കറിലേറെ വിസ്തൃതിയുള്ള റബർതോട്ടത്തിനുള്ളിൽ തിരിച്ചുപോകാകാതെ കാട്ടാനക്കൂട്ടം കുടുങ്ങിയിരിക്കുകയാണ്.ഇതോടെ നാട്ടുകാരുടെയും മറ്റും കണ്ണിൽ നിന്നു കാട്ടാനകൾ മറഞ്ഞു. കാട്ടാനകളെ കനാൽ വഴി മാത്രമെ തിരികെ കാട്ടിലേക്കു കയറ്റിവിടാനാകുകയുള്ളു. അതിനായി കനാലിലെ വെള്ളം ഉച്ചയോടെ നിർത്തിയെങ്കിലും ഇവ മടങ്ങിയില്ല.കൂടുതൽ വനപാലകർ ഇവിടെ എത്തിയിട്ടുണ്ട്.

രാത്രി മാത്രമെ കാട്ടാനകൾ കനാലിന് അടുത്തേക്ക് എത്തൂകയുള്ളുവെന്ന നിഗമനത്തിലാണ് വനപാലകരും പൊലീസും നാട്ടുകാരും. ഗുണ്ട് പൊട്ടിച്ചും മറ്റും കാട്ടാനകളെ കനാലിന് അടുത്തേക്കു കൊണ്ടുവന്ന ശേഷമാണു കനാലിൽ ഇറക്കി അതുവഴി കാട്ടിലേക്കു ഓടിച്ചുവിടാൻ കഴിയുകയുള്ളു.

വനപ്രദേശത്തു പ്ലാന്റേഷനിൽ കനാലിൽ അകപ്പെട്ട കുട്ടിയാനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാകാം മൂന്നു പിടിയാനകൾ ഉൾപ്പെടെ കനാലിൽ അകപ്പെട്ടതെന്നു കരുതുന്നു.