വ്യക്തിഗത സേവനങ്ങൾക്ക് വോയ്സ് അസിസ്റ്റന്റ് സേവനം ലഭ്യമാക്കാൻ കേന്ദ്രസർക്കാർ

ന്യൂഡെൽഹി: വ്യക്തിഗത സേവനങ്ങൾക്ക് വോയ്സ് അസിസ്റ്റന്റ് സേവനം ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. സർക്കാർ സേവനങ്ങൾക്കായി അലക്സ, ഗൂഗിൾ അസിസ്റ്റന്റ് പോലെയുള്ള സേവനം ആരംഭിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. ഇതിനായി വോയ്സ് അസിസ്റ്റന്റ് സേവനം തയ്യാറാക്കുന്നവർക്കായി സർക്കാർ അപേക്ഷ ക്ഷണിച്ചു.

നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോം വിവിധ ഭാഷകളിൽ ജനങ്ങളോട് സംവദിക്കുമെന്നാണ് റിപ്പോർട്ടുകൾ. വ്യക്തിഗത സേവനങ്ങൾ നൽകുന്നതിനായി ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാനും ഇത് ഉപകരിക്കും.

ഇലക്ട്രോണിക്സ്, ഐ.ടി. മന്ത്രാലയത്തിലെ നാഷണൽ ഇ-ഗവേണൻസ് ഡിവിഷനാണ് ഇതിനായി അപേക്ഷകൾ ക്ഷണിച്ചത്. വിവിധ സർക്കാർ സേവനങ്ങൾക്കായുള്ള ആപ്പുകളെ സംയോജിപ്പിച്ചുള്ള ഏകീകൃത ഇ-ഗവേണൻസ് പ്ലാറ്റ്ഫോമായ ഉമങിൽ (UMANG) വോയ്സ് അസിസ്റ്റന്റ് സേവനം ആരംഭിക്കുകയാണ് ലക്ഷ്യം.