ഹാഫ്പാന്റ് ധരിച്ച് നാഗ്പൂരിൽ നിന്നും പ്രസംഗിക്കുന്നതല്ല ദേശീയത; ആർഎസ്എസ് നേതൃത്വത്തെ വിമർശിച്ച് സച്ചിൻ പൈലറ്റ്

ന്യൂഡെൽഹി: ആർഎസ്എസ് നേതൃത്വത്തെ പേരെടുത്ത് പറയാതെ വിമർശിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ഹാഫ് പാന്റ് ധരിച്ച് നാഗ്പൂരിൽ നിന്നും പ്രസംഗിക്കുന്നതല്ല ദേശീയത. മറിച്ച് കർഷകരുടെ ക്ഷേമത്തിനെ കുറിച്ച് സംസാരിക്കുന്നതാണ് യഥാർഥ ദേശീയതയെന്ന് സച്ചിൻ പറഞ്ഞു.

ആർഎസ്എസ് എന്ന് എടുത്ത് പറയാതെ നാഗ്പൂരിനെ ഉദാഹരിച്ചായിരുന്നു സച്ചിന്റെ ഒളിയമ്പ്. കേന്ദ്ര നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലുറച്ചാണു കൊടും ശൈത്യം വകവയ്ക്കാതെ ഡൽഹി അതിർത്തികളിൽ ആയിരക്കണക്കിനു കർഷകർ തമ്പടിക്കുന്നത്.

അതേസമയം 39 ദിവസം പിന്നിടുന്ന കർഷക സമരത്തിൽ, ഇതുവരെ അൻപതോളം കർഷകർ മരിച്ചതായി സമരസമിതി നേതാക്കൾ വ്യക്തമാക്കുന്നു. ഇതിനിടെ, ഇന്നു സർക്കാരുമായി ഏഴാം വട്ട ചർച്ച നടക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച നടന്ന ആറാം വട്ട ചർച്ചയിൽ 4 ആവശ്യങ്ങളിൽ രണ്ടെണ്ണം അംഗീകരിക്കാൻ ധാരണയായിരുന്നു.

ഇന്നു സമരം തീരുമെന്നു പ്രതീക്ഷിക്കുന്നതായി കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരി പറഞ്ഞു.അതിശൈത്യവും വെള്ളക്കെട്ടും വളരെ മോശം സാഹചര്യമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നു സമരനേതാക്കൾ പറഞ്ഞു. കർഷകരുടെ ദുരിതം കാണാൻ സർക്കാർ തയാറാകാത്തതിനെ സംയുക്ത കിസാൻ മോർച്ച നേതാവ് അഭിമന്യൂ കോഹാർ വിമർശിച്ചു