ന്യൂഡെൽഹി: മൂവാറ്റുപുഴ കൈവെട്ടു കേസിൽ ഒളിവിലായിരുന്ന പ്രതികളുടെ വിചാരണ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ എൻഐഎയോട് സുപ്രീം കോടതി നിർദേശിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്.
കേസിലെ അഞ്ചാം പ്രതിയായ നജീബിന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ കഴിഞ്ഞ ദിവസം എൻഐഎ ഹെഡ് ക്വാട്ടേഴ്സ് ഐജി അനിൽ ശുക്ല സുപ്രീം കോടതിയിൽ സത്യവാങ് മൂലം ഫയൽ ചെയ്തിരുന്നു. കേസിൽ ഒളിവിലായിരുന്ന ആറ് പ്രതികൾക്കെതിരെ 2017 ജൂൺ ഒന്നിന് ഫയൽ ചെയ്ത മൂന്നാം സപ്ലിമെന്ററി റിപ്പോർട്ടിൽ വിചാരണ ഉടൻ ആരംഭിക്കുമെന്ന് എൻഐഎയ്ക്ക് വേണ്ടി ഇന്ന് കോടതിയിൽ ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
വിചാരണ പൂർത്തിയാക്കാൻ ഒരു വർഷം വേണമെന്ന് എൻഐഎ സുപ്രീം കോടതിയെ അറിയിച്ചു. വിചാരണ വൈകിപ്പിക്കുവാൻ തങ്ങളുടെ ഭാഗത്തുനിന്ന് ബോധപൂർവ്വമായ പിഴവുകൾ ഉണ്ടായിട്ടില്ലെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി. എന്നാൽ മുന്നൂറു പേരെ വിചാരണ നടത്തുമ്പോൾ നടപടികൾ അനന്തമായി വൈകുമെന്നും അതുവരെ നജീബ് ജയിലിൽ കഴിയണമെന്നാണോ എൻഐഎയുടെ ആവശ്യമെന്ന് കോടതി ആരാഞ്ഞു. എത്ര സാക്ഷികളെയാണ് ഇനി വിസ്തരിക്കേണ്ടതെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
2010 ജൂലൈ നാലിനാണ് മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസ്സർ ടി ജെ ജോസെഫിന്റെ കൈപ്പത്തി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകർ വെട്ടിയത്. കേസിലെ അഞ്ചാം പ്രതി ആയിരുന്ന നജീബിനെ 2015-ൽ ആണ് എൻ ഐ എ അറസ്റ്റ് ചെയ്തത്. 2019 ജൂലൈയിൽ നജീബിന് ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ എൻഐഎ നൽകിയ അപ്പീലിൽ അതേ വർഷം സുപ്രീം കോടതി ജാമ്യ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഇതേ തുടർന്ന് നജീബിനെ എൻഐഎ 2019-ൽ വീണ്ടും അറസ്റ്റ് ചെയ്തിരുന്നു.
നജീബിന്റെ ജാമ്യത്തിന് എതിരായ എൻഐഎ ഹർജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനായി കോടതി മാറ്റി. എൻഐഎയ്ക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്യര്യ ഭാട്ടി ഹാജരായി. നജീബിന് വേണ്ടി സീനിയർ അഭിഭാഷകൻ ആർ. ബസന്ത്, അഭിഭാഷകൻ എം.ആർ രമേശ് ബാബു എന്നിവരും ഹാജരായി.