കോവാക്സിൻ: 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ മൂന്നാംഘട്ട പരീക്ഷണം; ഡിസിജിഐ അനുമതി നൽകി

ന്യൂഡെൽഹി : ഭാരത് ബയോടെക്കിൻ്റെ കോവാക്സിന് 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ മൂന്നാംഘട്ട പരീക്ഷണം നടത്താൻ അനുമതി. രണ്ടാംഘട്ട പരീക്ഷണം സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടതിനെ തുടർന്നാണ് മൂന്നാംഘട്ട പരീക്ഷണത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകിയത്.

ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക് നിർമിച്ച കോവാക്സിന്റെ അടിയന്തിര നിയന്ത്രിത ഉപയോഗത്തിന് നേരത്തെ ഡിസിജിഐ അനുമതി നൽകിയിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് അടിയന്തിര ഉപയോഗ അനുമതി നൽകിയത് കോവിഷീൽഡിന് നൽകിയതിനേക്കാൾ കൂടുതൽ ഉപാധികളോടെയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധൻ വ്യക്തമാക്കിയിരുന്നു.

കോവാക്സിൻ ഉപയോഗിക്കുന്നത് മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണഘട്ടത്തിലാണെന്നും വാക്സിൻ സ്വീകരിക്കുന്ന എല്ലാവരും ആരോഗ്യവകുപ്പിന്റെ പൂർണനിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലിനിക്കൽ പരീക്ഷണഘട്ടത്തിലുള്ള വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയത് വിവാദങ്ങൾക്കും വഴിതുറന്നിട്ടുണ്ട്.