ഹിമാചൽ പ്രദേശിൽ 1700ലധികം ദേശാടനപ്പക്ഷികൾ ചത്തൊടുങ്ങി ; പക്ഷിപ്പനിയെന്ന് സംശയം

ഷിംല: ഹിമാചൽ പ്രദേശിൽ 1700ലധികം ദേശാടനപ്പക്ഷികൾ ചത്തൊടുങ്ങി.ഹിമാചലിലെ പോങ് ദാം പക്ഷി സംരക്ഷണ കേന്ദ്രത്തിലാണ് ദുരൂഹതയുണർത്തി പക്ഷികൾ ചത്തൊടുങ്ങിയത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

വിവിധ ഇടങ്ങളിൽ നിന്നായി 15ഓളം സാമ്പിളുകൾ ശേഖരിച്ചു. അവ ഉത്തർപ്രദേശ് ബറേലിയിലെ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്കും ജലന്ധറിലെയും ഭോപ്പാലിലെയും മൃഗങ്ങളിലെ രോഗം കണ്ടെത്തുന്ന മറ്റ് രണ്ട് ലബോറട്ടറികളിലേക്കും അയച്ചിരിക്കുകയാണ്.

പക്ഷിപ്പനിയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ടെസ്റ്റ് റിസൽട്ട് വരുന്നതു വരെ ഒന്നും പറയാൻ കഴിയില്ലെന്ന് വനംവകുപ്പ് പറഞ്ഞു. സൈബീരിയയിൽ നിന്നും മംഗോളിയയിൽ നിന്നും എത്തിയ പക്ഷികളാണ് ഇവ. ചത്തവരിൽ 95 ശതമാനവും ഒരു പ്രത്യേക തരത്തിലുള്ള വാത്തയാണ്. ഏകദേശം 1.20 ലക്ഷം പക്ഷികളാണ് മഞ്ഞുകാലത്ത് പോങ് ദാമിലെത്തുക. അടുത്ത നാല് മാസത്തോലം പക്ഷികൾ ഇവിടെയാവും കഴിയുക.

അതേസമയം, രാജസ്ഥാനിൽ കൂട്ടത്തോടെ കാക്കകൾ ചത്തൊടുങ്ങിയതിനു പിന്നാലെയാണ് ഈ റിപ്പോർട്ട്. പക്ഷിപ്പനി മൂലമാണ് കാക്കകൾ ചത്തത്. രാജസ്ഥാനു പിന്നാലെ മധ്യപ്രദേശിലും കാക്കകൾ കൂട്ടത്തോടെ ചത്തിരുന്നു.