എടപ്പാൾ: പഞ്ചലോഹവിഗ്രഹം നൽകാമെന്നുപറഞ്ഞ് ലക്ഷങ്ങൾ കൈക്കലാക്കിയശേഷം രണ്ടംഗസംഘം കൊലപ്പെടുത്തിയ എടപ്പാൾ പന്താവൂർ കിഴക്കേലവളപ്പിൽ ഹനീഫയുടെ മകൻ ഇർഷാദി(24)ന്റെ മൃതദേഹാവശിഷ്ടം മണിക്കൂറുകളുടെ തിരച്ചിലിനുശേഷവും പൂക്കരത്തറയിലെ മാലിന്യക്കിണറ്റിൽനിന്ന് കണ്ടെടുക്കാനായില്ല.
ദൃശ്യം സിനിമയിലേതിനു സമാനമായ ആസൂത്രണത്തോടെ പ്രതികൾ നടപ്പാക്കിയ കൊലപാതകം കണ്ടെത്തിയത്, ആറുമാസം നീണ്ട ശാസ്ത്രീയ പരിശോധനകളിലൂടെയാണ്. ഒന്നാംപ്രതിയും പൂജാരിയുമായ വട്ടംകുളം അധികാരത്തുപടി വളപ്പിൽ സുഭാഷ് (35), കൂട്ടുകാരൻ മേനോൻപറമ്പിൽപടി എബിൻ (27) എന്നിവർ കൊലപാതകത്തിനും തെളിവുനശിപ്പിക്കുന്നതിനും കൃത്യമായ ആസൂത്രണങ്ങളാണ് നടത്തിയതെന്ന് പോലീസ് പറയുന്നു.
പോലീസ് പറയുന്നത് ഇങ്ങനെ: ജൂൺ 11-ന് പടിഞ്ഞാറങ്ങാടിയിൽനിന്ന് വാടകയ്ക്കെടുത്ത കാറിലാണ് ഇർഷാദിനെ വട്ടംകുളത്തേക്ക് കൊണ്ടുപോയത്. വട്ടംകുളത്തെ ലോഡ്ജിൽവെച്ച് പഞ്ചലോഹവിഗ്രഹം കിട്ടാനാണെന്നുപറഞ്ഞ് സുഭാഷ് പൂജാദികർമങ്ങളാരംഭിച്ചു.
ഇതു കൊണ്ടുവരുമ്പോൾ ഉണ്ടാകാനിടയുളള ശാരീരികാസ്വാസ്ഥ്യങ്ങൾ മാറ്റാനാണെന്നുപറഞ്ഞ് കാഞ്ഞിരമുക്കിലെ രാജനിൽനിന്ന് വാങ്ങിയ ക്ലോറോഫോം ആവികൊള്ളുന്ന യന്ത്രത്തിലൂടെ മണപ്പിച്ചു. പക്ഷേ, 25,000 രൂപ പ്രതിഫലം പറ്റി രാജൻ നൽകിയത് ക്ലോറോഫോമല്ലാതിരുന്നതിനാൽ ഇർഷാദിന് ബോധക്ഷയമുണ്ടായില്ല.
പിന്നീട് ഇത് കുത്തിവെപ്പായും നൽകിയെങ്കിലും കാര്യമുണ്ടാകാത്തതിനെത്തുടർന്നാണ് ബൈക്കിന്റെ സൈലൻസർകൊണ്ട് തലയ്ക്കടിച്ച് ബോധരഹിതനാക്കി കഴുത്തിൽ കയറിട്ടുമുറുക്കി കൊന്നത്. അന്നുതന്നെ മൃതദേഹം ചാക്കിലാക്കി പൂക്കരത്തറയിലെ കിണറ്റിലുപേക്ഷിച്ചു.
കുളിച്ച് കാർ കഴുകി വൃത്തിയാക്കിയശേഷം ആയുധങ്ങൾ വിവിധ സ്ഥലങ്ങളിലുപേക്ഷിച്ചു. ഇർഷാദിന്റെ ഫോൺ ഓഫാക്കിയശേഷം കോഴിക്കോട്ടേക്കുപോയി. അവിടെവെച്ച് ഫോൺ ഓൺചെയ്ത് അതിൽ താൻ കോഴിക്കോട്ടുണ്ടെന്ന് വാട്സാപ്പ് സന്ദേശം ഇർഷാദ് അയക്കുന്നതുപോലെ വീട്ടിലേക്ക് അയച്ച് വീട്ടുകാരെ വിശ്വസിപ്പിച്ചു. വീണ്ടും ഫോൺ ഓഫാക്കിയശേഷം സിം ഊരി ഒരു പെട്ടിയിലാക്കി അതവിടെ കടലിലുപേക്ഷിച്ചു. ഫോൺ ചമ്രവട്ടംവഴി വരവേ പുഴയിലേക്കുമെറിഞ്ഞു.
പോലീസും വീട്ടുകാരുമന്വേഷിക്കുമ്പോളെല്ലാം ഫോൺ ലൊക്കേഷൻ കോഴിക്കോട് കാണിച്ചതോടെ തങ്ങൾ സുരക്ഷിതരായെന്ന് പ്രതികൾ കരുതി. ഇർഷാദിന്റെ വീട്ടിലെത്തി ഒന്നുമറിയാത്തതുപോലെ വിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു. പോലീസ് പലവട്ടം ചോദ്യംചെയ്തപ്പോഴും നിഷ്കളങ്കരായി ഇവർ ഭംഗിയായി അഭിനയിച്ചു.