എം കെ സ്റ്റാലിനെ തമിഴ്നാട് മുഖ്യമന്ത്രിയാകാൻ താൻ അനുവദിക്കില്ലെന്ന് സഹോദരൻ എം കെ അഴഗിരി

ചെന്നൈ: ഡിഎംകെ നേതാവ് എംകെ സ്റ്റാലിനെ തമിഴ്നാട് മുഖ്യമന്ത്രിയാകാൻ താൻ അനുവദിക്കില്ലെന്ന് സഹോദരൻ എം കെ അഴഗിരി. സ്റ്റാലിൻ മുഖ്യമന്ത്രിയാകാതിരിക്കാൻ താനും അനുയായികളും ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് വെല്ലുവിളിയുമായി അഴഗിരി രംഗത്തെത്തിയത്.

എം കരുണാനിധിയുടെ യഥാർഥ പിൻഗാമി താനാണെന്ന് അഴഗിരി അവകാശപ്പെട്ടു. താൻ എന്ത് പ്രഖ്യാപനം നടത്തിയാലും അണികൾ ഒപ്പമുണ്ട്. നല്ല തീരുമാനം ഉടൻ ഉണ്ടാകുമെന്നും അഴഗിരി പറഞ്ഞു. അനുയായികളെ പങ്കെടുപ്പിച്ചുകൊണ്ടു മധുരയിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അഴഗിരി.

ഇന്ന് നടന്ന ശക്തിപ്രകടനം സൂചന മാത്രമാണ്. പുതിയ പാർട്ടി പ്രഖ്യാപിക്കാനും പ്രഖ്യാപിക്കാതിരിക്കാനും സാധ്യതയുണ്ടെന്നും അഴഗിരി പറഞ്ഞു. ഡിഎംകെയിലേക്കു തിരിച്ചുവരാനുള്ള നീക്കം പരാജയപ്പെട്ടതോടെ അഴഗിരി പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്ന് സൂചനയുണ്ട്.

മകൻ ദയാനിധി അഴഗിരിയെ മുന്നിൽനിർത്തിക്കൊണ്ടു രാഷ്ട്രീയത്തിൽ സജീവമാകാനാണ് അഴഗിരിയുടെ ശ്രമം. അഴിഗിരിയെ സ്വാഗതം ചെയ്തു ബിജെപി സംസ്ഥാന അധ്യക്ഷൻ നേരത്തെ രംഗത്തെത്തിയിരുന്നു.