ന്യൂഡെൽഹി: കോവാക്സീൻ നിർമിക്കാൻ ഭാരത് ബയോടെക്കിന് ഡിജിസിഐ അനുമതി. പരീക്ഷണത്തിന്റെ പുതിയ വിശദാംശങ്ങൾ കൈമാറാനും നിർദേശം നൽകി. മൂന്ന് പരീക്ഷണ ഘട്ടങ്ങളിലേയും പുതുക്കിയ വിവരങ്ങൾ സമർപ്പിക്കാനും നിർദേശിച്ചു.
അതേസമയം, കോവാക്സീൻ കരുതലോടെ ഉപയോഗിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാകാത്തതാണ് കാരണം. എന്നാൽ, അവസാനഘട്ട പരീക്ഷണത്തിൽ പങ്കെടുത്തവരിലടക്കം പാർശ്വഫലങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല.
അതിനിടയിൽ കോവാക്സീനെതിരെ കോൺഗ്രസും സിപിഎമ്മും അടക്കമുള്ള രാഷ്ട്രീയപാർട്ടികൾ രംഗത്തുവന്നിരുന്നു. രാജ്യത്ത് ഇന്ന് രണ്ടു കൊറോണ വാക്സിനുകളുടെ ഉപയോഗത്തിനു ഡ്രഗ്സ് കൺട്രോളർ ജനറൽ (ഡിസിജിഐ) അനുമതി നൽകിയിരുന്നു. അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാനുള്ള അനുമതിയാണു നൽകിയിരിക്കുന്നത്.
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡിനു പുറമേ ഭാരത് ബയോടെക്കിൻറെ കോവാക്സിനുമാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും ചേർന്നാണു ഭാരത് ബയോടെക് കോവാക്സിൻ നിർമിച്ചത്. അടിയന്തര ഉപയോഗത്തിനായി കോവാക്സിന് അനുമതി നൽകണമെന്ന് കാട്ടി ഡിസംബർ ഏഴിനു തന്നെ ഭാരത് ബയോടെക് അപേക്ഷ നൽകിയിരുന്നു.