കോവാക്സിൻ ഉടൻ ഉപയോഗിക്കില്ല; മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തീകരിച്ച ശേഷം മാത്രം: എയിംസ് മേധാവി

ന്യൂഡെൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ ഉടൻ ഉപയോഗിക്കില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. കോവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകുന്നതിനു മുൻപ് ഇതിന് അനുമതി നൽകിയതിനെതിരെ വിവിധ കോണുകളിൽനിന്ന് വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ഗുലേറിയയുടെ പ്രസ്താവന.

കോവാക്സിനും ആസ്ട്രസെനക വികസിപ്പിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീൽഡിനും അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയിരുന്നു. ഇതിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന വാക്സിൻ ആയിരിക്കും വരും ദിവസങ്ങളിൽ നൽകുകയെന്നും ഭാരത് ബയോടെക്കിന്റെ വാക്സിൻ തൽകാലം ഉപയോഗിക്കില്ലെന്നും ഗുലേറിയ എൻഡിടിവിയോട് പറഞ്ഞു.

ഇപ്പോൾ ആദ്യത്തെ ഏതാനും ആഴ്ചകളിൽ കോവിഷീൽഡ് വാക്സിൻ ആയിരിക്കും വിതരണം ചെയ്യുക. നിലവിൽ കോവിഷീൽഡിന്റെ അഞ്ച് കോടി ഡോസുകൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ആ സമയംകൊണ്ട് കോവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കും. വാക്സിന്റെ കാര്യക്ഷമത, ഡോസേജ്, സുരക്ഷിതത്വം തുടങ്ങി മൂന്നാം ഘട്ട പരീക്ഷണത്തിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ ലഭിച്ച ശേഷമായിരിക്കും അത് വിതരണത്തിന് ലഭ്യമാക്കുക, ഡോ. ഗുലേറിയ പറഞ്ഞു.

കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ അതിന് അനുമതി നൽകിയതിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. പരീക്ഷണം പൂർണമാകുന്നതിനു മുൻപ് അനുമതി നൽകിയത് അപകടമുണ്ടാക്കുമെന്നും ഇക്കാര്യത്തിൽ ആരോഗ്യമന്ത്രി വ്യക്തത വരുത്തണമെന്നും തരൂർ ആവശ്യപ്പെട്ടു. പരീക്ഷണം പൂർണമാകുന്നതിനു മുൻപ് കോവാക്സിൻ വിതരണം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ച ഭാരത് ബയോടെക്, ആസ്ട്രസനെക വാക്സിനുകളുടെ സുരക്ഷ സംബന്ധിച്ച് ഒരുവിധത്തിലുള്ള ആശങ്കയും ആവശ്യമില്ലെന്ന് ഡിസിജിഐ മേധാവിഡോ. വി.എസ്. സോമാനി ഇന്ന് പറഞ്ഞിരുന്നു. ആവശ്യമായ പരിശോധനകൾക്ക് ശേഷമാണ് വാക്സിനുകൾക്ക് അനുമതി നൽകിയിരിക്കുന്നതെന്നും വാക്സിനുകൾ നൂറ് ശതമാനവും സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.