ഉത്തർപ്രദേശിൽ സംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണു: 16 പേർ മരിച്ചു

ഗാസിയാബാദ്: ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ് 16 മരണം. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. നിരവധി പേർക്ക് പരിക്കേറ്റു. അവശിഷ്ടങ്ങൾക്കടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. 32 പേരെ രക്ഷപ്പെടുത്തി.

കനത്തമഴയെത്തുടര്‍ന്ന്​ തകര്‍ന്ന കെട്ടിടം മരണാനന്തര ചടങ്ങുകള്‍ക്കെത്തിയവരുടെ മുകളിലേക്ക്​ വീഴുകയായിരുന്നു. നിരവധിപേര്‍ക്ക്​ പരിക്കേറ്റിട്ടുണ്ട്​. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്.

കനത്ത മഴയെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് വിവരം. പ്രാദേശിക പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്​. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി തീവ്രപരിശ്രമം തുടരുകയാണ്​. സംഭവത്തില്‍ മരണപ്പെട്ടവര്‍ക്ക്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ അനുശോചനം നേര്‍ന്നു. മരിച്ചവര്‍ക്ക്​ 2 ലക്ഷംരൂപ ഉടന്‍ അനുവദിക്കുമെന്ന്​ ഉത്തര്‍പ്രദേശ്​ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.