തേങ്കുറിശ്ശി ദുരഭിമാനക്കൊല ; ക്രൈംബ്രാഞ്ച് സംഘം അനീഷിന്റെ ബന്ധുക്കളുടെ മൊഴിയെടുത്തു

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ലോക്കൽ പൊലീസിനെതിരെ ഉയർന്ന ആരോപണവും പരിശോധിക്കുമെന്ന് അന്വേഷണ ചുമതലയുളള ജില്ല ക്രൈംബ്രാഞ്ച് ഡിവിഎസ്പി സുന്ദരൻ അറിയിച്ചു. കേസന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് സംഘം കൊല്ലപ്പെട്ട അനീഷിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കൽ തുടങ്ങി. കൊലപാതകം നടന്ന സ്ഥലത്തും അന്വേഷണ സംഘം സന്ദ‍ർശിച്ചു

തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയിൽ ലോക്കൽ പൊലീസിനെതിരെ ആരോപണമുയർന്ന സാഹചര്യത്തിൽ ക്കൂടയാണ് ജില്ല ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്. തിങ്കളാഴ്ച കേസ്സെറ്റെടുത്തെങ്കിലും സാങ്കേതിക നടപടിക്രമങ്ങൾപൂർത്തിയാക്കി വെളളിയാഴ്ചയാണ് അനീഷിന്റെ വീട്ടിലേക്ക് അന്വേഷണ സംഘമെത്തിയത്.

അനീഷിന്റെ ഭാര്യ ഹരിത, അച്ഛൻ ആറുമുഖൻ, സഹോദരങ്ങൾ എന്നിവരിൽ നിന്നാണ് ആദ്യഘട്ടത്തിൽ മൊഴിയെടുപ്പ്. അനീഷിന് ഭീഷണിയുണ്ടായിരുന്നതായും ഗൂ‍ഡാലോചന നടന്നെന്നും മാതാപിതാക്കൾ അന്വേഷണ സംഘത്തോട് പറഞ്ഞു. ലോക്കൽ പൊലീസ് ജാഗ്രത പുലർത്തിയില്ലെന്നും കുടുംബം ആവർത്തിച്ചു.

അന്വേഷണത്തിൽ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവെഎസ്പി സുന്ദരൻ പറഞ്ഞു. അനീഷ് ആക്രമിക്കപ്പെട്ട മാനാംകുളമ്പ് കവലിയും അന്വേഷണ സംഘം പരിശോധന നടത്തി.

90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന നിർദ്ദേശം. കുടുംബാംഗങ്ങളുടെയും സാക്ഷികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിന്ശേഷം പ്രതികളായ പ്രഭുകുമാർ, സുരേഷ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.