കാർഷിക നിയമത്തിനെതിരേ ഡെൽഹിയിൽ വീണ്ടും ആത്മഹത്യ; വയോധിക കർഷകൻ ജീവനൊടുക്കി

ഗാസിപുർ: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരായി ഡെൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകൻ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ രാംപുർ ജില്ലയിൽനിന്നുള്ള ബാപ്പു എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്ന കാഷ്മിർ സിങ് (75) ആണ് മരിച്ചത്. സമര സ്ഥലത്തിനടുത്ത് ഒരു ശൗചാലയത്തിൽ തൂങ്ങി മരിച്ച നിലയിൽ ആണ് ഇദ്ദേഹത്തെ കണ്ടത്.

കർഷക നിയമത്തിനെതിരെ പ്രതിഷേധിച്ചാണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന കുറിപ്പും കണ്ടെത്തി. കാർഷിക നിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ പോലീസ് ഇതുവരെ ആത്മഹത്യയ്ക്കുള്ള കാരണം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം സമരസ്ഥലത്തുതന്നെ അടക്കംചെയ്യണമെന്നും ആത്മഹത്യാ കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 38 ദിവസങ്ങളായി തുടരുന്ന കർഷക സമരത്തിനിടെ ഇതുവരെ 78ൽ അധികം കർഷകർ വിവിധ കാരണങ്ങളാൽ മരിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം സിംഗു അതിർത്തിയിൽ ഹരിയാണയിൽനിന്നുള്ള ഒരു പുരോഹിതൻ സ്വയം നിറയൊഴിച്ച് മരിച്ചിരുന്നു. കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയർപ്പിച്ചുകൊണ്ടാണ് മരിക്കുന്നതെന്ന് അദ്ദേഹം ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു.