ന്യൂഡെൽഹി: അതിതീവ്ര കൊറോണ വൈറസ് ബാധയെ തുടർന്ന് ജാഗ്രതയോടെ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം. കൊറോണ വൈറസ് തടയുന്നതിൻ്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ജനുവരി 8 നും 30 നും ഇടയിൽ ബ്രിട്ടണിൽ നിന്ന് വരുന്ന യാത്രക്കാർ 72 മണിക്കൂർ മുൻപ് www.newdelhiairport.in എന്ന ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയണം.
ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർ യാത്രാവിവരങ്ങൾ അടങ്ങിയ സത്യവാങ്മൂലവും കൊറോണ രോഗിയല്ലെന്ന സ്വയം സാക്ഷ്യപത്രവും സമർപ്പിക്കണം. യാത്രക്കാരുടെ കയ്യിൽ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് വിമാനക്കമ്പനികൾ ഉറപ്പാക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ആർടി – പിസിആർ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു. വിമാനത്താവളങ്ങൾക്ക് സമീപം ക്വാറൻറീൻ സൗകര്യമൊരുക്കാൻ സംസ്ഥാന സർക്കാരുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.