തിരുവനന്തപുരം/ കോഴിക്കോട്: പാലാ സീറ്റിനെച്ചൊല്ലി തർക്കമില്ലെന്നും എൻസിപി എൽഡിഎഫ് വിടാൻ ആലോചിച്ചിട്ടേയില്ലെന്നും സംസ്ഥാനാധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്റർ. മാണി സി കാപ്പൻ മുന്നണി വിടില്ലെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി. മുന്നണി മാറ്റം ആലോചിച്ചിട്ടേയില്ലെന്നും എൽഡിഎഫിനെ ക്ഷീണിപ്പിക്കുന്ന ഒന്നും എൻസിപി ചെയ്യില്ലെന്നും മന്ത്രി എ കെ ശശീന്ദ്രനും പറഞ്ഞു. എന്നാൽ മാണി സി കാപ്പൻ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇതിനിടെ, എൻസിപി ജില്ലാകമ്മിറ്റിയോഗങ്ങൾ ഇന്ന് മുതൽ വിളിച്ചുചേർക്കുകയാണ്.
പാലായും കുട്ടനാടും അടക്കം നാല് സീറ്റുകളിലും എൻസിപി തന്നെ മത്സരിക്കുമെന്നാണ് പാർട്ടി സംസ്ഥാനാധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്റർ പറയുന്നത്. എൻസിപി എൽഡിഎഫിനൊപ്പം തന്നെയാണ്. പാലാ എൻസിപിയുടെ സീറ്റാണ്. കാപ്പൻ ഒരു കാരണവശാലും മുന്നണി വിടില്ലെന്നും മുന്നണിമാറ്റത്തെക്കുറിച്ച് പാർട്ടി ആലോചിച്ചിട്ടേയില്ലെന്നാണ് പീതാംബരൻ മാസ്റ്റർ പറയുന്നത്.
പാലാ സീറ്റ് വിഷയം ചർച്ച ചെയ്യുന്നത് അനവസരത്തിലാണെന്നാണ് മന്ത്രി എ കെ ശശീന്ദ്രൻ പറയുന്നത്. മുന്നണി വിടുന്നതിനോട് പാർട്ടിയിൽ ഏറ്റവുമധികം വിയോജിപ്പുള്ള മന്ത്രി ശശീന്ദ്രനാണ്. സീറ്റ് ചർച്ച തുടങ്ങിയിട്ട് പോലുമില്ലാത്ത സാഹചര്യത്തിൽ എന്തിനാണ് പാലാ സീറ്റ് വിഷയം വലിയ ചർച്ചയാക്കുന്നതെന്നാണ് എ കെ ശശീന്ദ്രൻ ചോദിക്കുന്നത്.
”കാപ്പൻ പാലാ സീറ്റുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയിട്ടുണ്ട്. എന്നാൽ അതിന്‍റെ പേരിൽ മുന്നണി വിടേണ്ട സ്ഥിതിയൊന്നും ഇല്ല. അത്തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല. പരമാവധി സീറ്റ് കിട്ടാൻ ഓരോ പാർട്ടിയും മുന്നണിയിൽ നിലപാട് സ്വീകരിക്കും. അത് സ്വാഭാവികമാണ്”, എന്നാണ് എ കെ ശശീന്ദ്രൻ പറയുന്നത്.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനമെന്ന പേരിൽ എൻസിപി ജില്ലാ കമ്മിറ്റി യോഗങ്ങൾ അടിയന്തരമായി വിളിച്ചു. ആദ്യയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മുന്നണി മാറ്റത്തിലടക്കം ജില്ലാ കമ്മിറ്റികളുടെ നിലപാട് അറിയാനാണ് ഇതിലൂടെ സംസ്ഥാനനേതൃത്വം ലക്ഷ്യമിടുന്നത്. അവസാന യോഗം ജനുവരി 23-ന് എറണാകുളത്ത് നടക്കും.