കണ്ണൂര്‍: യുവാക്കളെ രംഗത്തിറക്കി വിജയം നേടുന്ന എൽഡിഎഫ് തന്ത്രം കണ്ണൂരിൽ യുഡിഎഫും പയറ്റുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എംബിഎ വിദ്യാര്‍ത്ഥിയായ ലിന്റ ജയിംസിനെ രംഗത്തിറക്കുന്നത്. കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം സ്ഥാനാർഥിയായാണ് ലിന്റ മൽസരിക്കുന്നത്. ഇരിട്ടി വെളിമാനം സ്വദേശിയാണ് ലിന്റ. ബിനോയ് കുര്യനാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
പിജെ ജോസഫ് വിഭാഗം കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയും തില്ലങ്കേരി ഡിവിഷൻ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ജോര്‍ജ്കുട്ടി ഇരുമ്പുകുഴിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. യുഡിഎഫില്‍ സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും ജയസാധ്യത കണക്കിലെടുത്ത് സീറ്റ് വിട്ടുകൊടുക്കേണ്ടെന്ന നിലപാടായിരുന്നു ജോസഫ് പക്ഷം സ്വീകരിച്ചത്.
ലിന്റ ജയിംസിന് പുറമേ സേവ ജോര്‍ജിന്റെ പേരും പരിഗണനയില്‍ ഉണ്ടായിരുന്നു. ഒടുവിൽ ലിൻ്റയ്ക്ക് നറുക്ക് വീഴുകയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിനോയ് ഇതിനകം തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്. എന്‍ഡിഎക്ക് വേണ്ടി ബിജെപി ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ് തന്നെ മത്സരിച്ചേക്കും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഈ മാസം 21 നാണ് വോട്ടെടുപ്പ്. 23 നാണ് വോട്ടെണ്ണല്‍.