സ്പീക്കറെ ചോദ്യം ചെയ്യാന്‍ തടസമില്ലെന്ന് നിയമോപദേശം; കാത്തിരിക്കാനൊരുങ്ങി കസ്റ്റംസ്

തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നതിൽ നിയമതടസ്സമില്ലെന്ന് കസ്റ്റംസിന് നിയമോപദേശം. നിയമസഭാ സമ്മേളന കാലയളവ് ഒഴിവാക്കി ചോദ്യംചെയ്യാനാണ് നിയമോപദേശം. അതിനാൽ തന്നെ നിയമസഭാ സമ്മേളനം കഴിയുന്നത് വരെ കാത്തിരിക്കാനാണ് കസ്റ്റംസിന്റെ നീക്കം.

ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിൽ സ്പീക്കർക്ക് നിയമ പരിരക്ഷ ഇല്ല. സ്പീക്കറുടേത് ഭരണഘടനാപദവി ആയതിനാൽ എല്ലാ നടപടിക്രമങ്ങളും പാലിച്ചുവേണം മുന്നോട്ട് പോകാനെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ സമൻസ് നൽകി സ്പീക്കറെ വിളിപ്പിക്കാം. ആരെയൊക്കെ ചോദ്യം ചെയ്യണം എന്ന് സംബന്ധിച്ച് കസ്റ്റംസ് ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് കോൺസുലേറ്റ് ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരെ തിങ്കളാഴ്ച മുതൽ ചോദ്യം ചെയ്യും.