ഒരാള്‍ ഹിന്ദുവാണെങ്കില്‍ സ്വാഭാവികമായും രാജ്യസ്‌നേഹിയാകും: മോഹന്‍ ഭാഗവത്

ന്യൂഡെൽഹി: ഒരാള്‍ ഹിന്ദുവാണെങ്കില്‍ സ്വാഭാവികമായും രാജ്യസ്‌നേഹിയാകുമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. മേക്കിങ് ഓഫ് എ ഹിന്ദു പാട്രിയോറ്റ് ബാക്ക് ഗ്രൗണ്ട് ഓഫ് ഗാന്ധിജിസ് ഹിന്ദ് സ്വരാജ് എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന. ഹിന്ദുവാണെങ്കില്‍ രാജ്യസ്‌നേഹം അടിസ്ഥാന സ്വഭാവമായിരിക്കും. ചില സമയങ്ങളില്‍ അവരുടെ രാജ്യസ്‌നേഹം നമുക്ക് ഉണര്‍ത്തേണ്ടിവരും.

ഒരു ഹിന്ദുവിന് ഒരിക്കലും ഇന്ത്യ വിരുദ്ധനാകാന്‍ കഴിയില്ല. ഒരാള്‍ രാജ്യത്തെ സ്‌നേഹിക്കുക എന്നാല്‍ മണ്ണിനെ മാത്രമല്ല, ജനങ്ങളെയും നദികളെയും സംസ്‌കാരത്തെയും പാരമ്പര്യത്തെയും തുടങ്ങി എല്ലാത്തിനെയും സ്‌നേഹിക്കുക എന്നതാണ് അര്‍ത്ഥമെന്നും ഐക്യത്തിന്റെ നിലനില്‍പ്പാണ് ഹിന്ദൂയിസം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിജിയെ ആര്‍എസ്എസ് തട്ടിയെടുക്കുന്നുവെന്ന വാദം തെറ്റാണ്. അദ്ദേഹത്തെപ്പോലൊരു മികച്ച വ്യക്തിത്വത്തെ ആര്‍ക്കും സ്വന്തമാക്കാന്‍ കഴിയില്ലെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി. കെജെ ബജാജ്, എംഡി ശ്രീനിവാസ് എന്നിവരാണ് പുസ്തകത്തിന്റെ രചയിതാക്കള്‍.