റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടറുകളുമായി ‘കിസാൻ പരേഡ്’ നടത്തുമെന്ന മുന്നറിയിപ്പുമായി കർഷകർ

ന്യൂഡെൽഹി: കർഷകർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ ജനുവരി 26 ന് മുമ്പ് അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ ഡെൽഹിയിലേക്ക് ട്രാക്ടറുകളുമായി കിസാൻ പരേഡ് നടത്തുമെന്ന മുന്നറിയിപ്പുമായി കർഷകർ. കേന്ദ്ര സർക്കാരുമായി തിങ്കളാഴ്ച ചർച്ച നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കർഷകരുടെ പ്രക്ഷോഭം കടുപ്പിക്കുമെന്ന പ്രഖ്യാപനം.

ജനുവരി നാലിന് ഞങ്ങൾ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുന്നുണ്ട്. ജനുവരി അഞ്ചിന് സുപ്രീംകോടതി ഇക്കാര്യത്തിൽ വാദം കേൾക്കും. സർക്കാരുമായുളള ചർച്ച പരാജയപ്പെടുകയും പരിഹാരം ഉണ്ടാകാതിരിക്കുകയും ചെയ്താൽ ഹരിയാണയിലെ കുണ്ഡ്ലി- മനേസർ- പൽവാല് എക്സ്പ്രസ് വേയിൽ ജനുവരി ആറിന് ഞങ്ങൾ ട്രാക്ടർ മാർച്ച് നടത്തും.

സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23ന് വിവിധ സംസ്ഥാനങ്ങളിലെ രാജ്ഭവനുകൾക്ക് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കും.’ കർഷക നേതാക്കളിലൊരാളായ ഡോ.ദർശൻപാൽ പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ ത്രിവർണ പതാകകളുമേന്തി വൻ ട്രാക്ടർ റാലി ഡെൽഹിയിൽ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താങ്ങുവില സംബന്ധിച്ച കാര്യത്തിൽ കേന്ദ്രസർക്കാർ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കർഷകർ ആരോപിക്കുന്നു. ‘കേന്ദ്ര സർക്കാർ ഞങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. താങ്ങുവില ഇല്ലാതാക്കില്ലെന്നാണ് അവർ പറയുന്നത്. എന്നാൽ അത് ഉറപ്പാക്കുന്നതിനായി ഒരു നിയമം കൊണ്ടുവരണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. അത് ഞങ്ങളുടെ അവകാശമാണ്.’ മറ്റൊരു കർഷക നേതാവായ ഗുർനാം സിങ് ചൗധരി പറഞ്ഞു.

പ്രക്ഷോഭം ശക്തമാക്കുന്നതിനെ കുറിച്ച് സംയുക്ത കിസാൻ മോർച്ചയും പ്രഖ്യാപനം നടത്തി. ജനുവരി 26 വരെയുളള സമര പരിപാടികളാണ് സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രചാരണങ്ങൾക്കെതിരേ ‘ദേശ് ജാഗ്രിതി അഭിയാൻ’ എന്ന പേരിൽ ജനുവരി ആറുമുതൽ 20 വരെ നീണ്ടുനിൽക്കുന്ന ദേശവ്യാപക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.

രാജ്യമൊട്ടാകെ റാലികൾ, കോൺഫറൻസുകൾ, ധർണകൾ എന്നിവ ഉൾപ്പടെയുളള പ്രക്ഷോഭ പരിപാടികളാണ് കർഷകർ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഈ ആഴ്ച ആദ്യം പ്രക്ഷോഭകർ കേന്ദ്രവുമായി ആറാംവട്ട കൂടിക്കാഴ്ച നടത്തിയിരുന്നു. കർഷകർ മുന്നോട്ടു വെച്ച രണ്ടാവശ്യങ്ങൾ സർക്കാർ അംഗീകരിക്കുകയും ചെയ്തു. എന്നാൽ നിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യവും താങ്ങുവില സംബന്ധിച്ച ഉറപ്പും കേന്ദ്രം അംഗീകരിച്ചില്ല.

മൂന്ന് കർഷക നിയമങ്ങളും പിൻവലിക്കുക, താങ്ങുവില സംബന്ധിച്ച നിയമസാധുതയുള്ള ഉറപ്പ് നൽകുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം ജനുവരി ആറ് മുതൽ സമരം ശക്തമാക്കുമെന്നാണ് കർഷക സംഘടനകൾ കേന്ദ്രവുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നത്.